പാലക്കാട്ടെ തിരോധാനം: അന്വേഷണം തുടങ്ങി

പാലക്കാട്: ജില്ലയിലെ അഞ്ചു പേരുടെ ദുരൂഹ തിരോധാനം സംബന്ധിച്ച അന്വേഷണം പ്രത്യേക പൊലീസ് സംഘം ഇതര ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. തെളിവുകളുടെ അഭാവത്തില്‍ തല്‍ക്കാലം യു.എ.പി.എ ചുമത്തേണ്ടതില്ളെന്നാണ് ആഭ്യന്തര വകുപ്പ് തീരുമാനം. ഡിവൈ.എസ്.പി എം.കെ. സുല്‍ഫിക്കറിന്‍െറ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് പാലക്കാട്ടെ മൂന്ന് കേസുകള്‍ അന്വേഷിക്കുക. മൂന്ന് സി.ഐമാരും രണ്ട് എസ്.ഐമാരും ഷാഡോ പൊലീസും ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം. തൃശൂര്‍ റെയ്ഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ മേല്‍നോട്ടം വഹിക്കും. യുവദമ്പതിമാരുടെ തിരോധാനവുമായി ബന്ധപ്പെട്ട് പാലക്കാട് ടൗണ്‍ സൗത് പൊലീസും ഷിബി എന്ന യുവാവിനെ കാണാതായതു സംബന്ധിച്ച് കസബ പൊലീസുമാണ് കേസെടുത്തത്. ഈസ എന്ന ബെക്സനും ഷിബിയും സുഹൃത്തുക്കളായതിനാല്‍ ഇവര്‍ പോയത് ഒരു സ്ഥലത്തേക്കാണ് എന്ന നിഗമനത്തിലാണ് പൊലീസ്. ഒമാനിലേക്കാണ് പോയതെന്നാണ് പ്രാഥമിക നിഗമനം.

ഫോണ്‍ കാള്‍ വിശദാംശം ജില്ലാ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പരിശോധിച്ചുവരികയാണ്. ഇതിനുശേഷം കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍െറ പ്രതീക്ഷ. അപ്രത്യക്ഷമായവര്‍ ഒമാനില്‍ ഉണ്ടോയെന്നറിയാന്‍ രഹസ്യാന്വേഷണ വിഭാഗം ആ രാജ്യത്തെ മലയാളികളുമായി ബന്ധപ്പെട്ട് സമാന്തര അന്വേഷണം നടത്തുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായവരെ കുറിച്ച വിശദവിവരം ശേഖരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം ലഭിച്ചു.
മുംബൈ സ്വദേശിയും മതപ്രഭാഷകനുമായ സാകിര്‍ നായിക്കിനെതിരെ കേസെടുക്കാന്‍ പാലക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (നമ്പര്‍ മൂന്ന്) പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച് പൊലീസില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇദ്ദേഹത്തെ പ്രതിചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തക്ക തെളിവുകളുടെ അഭാവമാണ് പ്രശ്നം. സാകിര്‍ നായിക്കിന്‍െറ പ്രേരണയിലാണ് മക്കള്‍ മതം മാറിയതെന്ന് യഹ്യ, ഈസ എന്നിവരുടെ പിതാവ് വിന്‍സെന്‍റ് ചില ചാനലുകള്‍ക്ക് മുമ്പില്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇതു തിരുത്തി. സാകിര്‍ നായിക്കിനെതിരെ വിന്‍സെന്‍റും ഭാര്യ എല്‍സിയും മൊഴി നല്‍കിയിട്ടില്ളെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.