ഡിഫ്ത്തീരിയ: രണ്ടു ലക്ഷം കുട്ടികള്‍ക്ക് കൂടി ഉടന്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കും –മന്ത്രി

തിരുവനന്തപുരം: ഡിഫ്ത്തീരിയ രോഗം പടരുന്ന മലപ്പുറം ജില്ലയില്‍ ഒരുമാസത്തിനകം 2.31 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ അറിയിച്ചു.നാലരലക്ഷം ഡോസ് മരുന്ന് ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയില്‍  പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിലെ അലംഭാവം ഗൗരവതരമാണ്. എം. ഉമ്മറിന്‍െറ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. മറുപടിയില്‍ തൃപ്തരായ പ്രതിപക്ഷം  ഇറങ്ങിപ്പോക്ക് ഒഴിവാക്കി.

പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതാണ് രോഗം വരാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് ഇതിനു വിസമ്മതിക്കുന്നതെന്ന വിഷയമുണ്ട്. കുട്ടികളിലെ രോഗം മുതിര്‍ന്നവര്‍ക്കും പടരുകയാണ്. മുതിര്‍ന്നവര്‍ക്കും   പ്രതിരോധ കുത്തിവെപ്പ് നല്‍കേണ്ട സാഹചര്യമാണ്. ചിലര്‍ അന്ധവിശ്വാസം പ്രചരിപ്പിച്ചാണ് കുത്തിവെപ്പ് തടഞ്ഞത്. തൊട്ടുചികിത്സ മതി, കുത്തിവെപ്പ് വേണ്ട എന്ന് പ്രചരിപ്പിക്കുന്നു. അവിടത്തെ എല്ലാ മതനേതാക്കളും  ചേര്‍ന്ന് കുത്തിവെപ്പ് നടത്താന്‍ പ്രചാരണം നടത്തുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് വേണ്ടത്ര മരുന്നുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മരുന്നിന് ക്ഷാമമില്ല. പ്രതിരോധ ക്യാമ്പ് എവിടെയെങ്കിലും തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ പരിശോധിക്കും.

മലപ്പുറത്ത് ആവശ്യമുള്ള മരുന്ന് വിതരണം ചെയ്തിട്ടുണ്ട്. എവിടെയും  മരുന്ന് വിതരണത്തിന്  ആരോഗ്യവകുപ്പ് സജ്ജമാണ്. മലപ്പുറത്ത് 31ഉം കോഴിക്കോട് എട്ടും കണ്ണൂരില്‍ ഒരാള്‍ക്കും രോഗം കണ്ടത്തെി. ഇതില്‍ മലപ്പുറത്ത് രണ്ടുപേര്‍  മരിക്കുകയും ചെയ്തു.  മലപ്പുറത്ത് എട്ടുബ്ളോക്കുകളിലാണ് രോഗം വ്യാപകമാകുന്നത്. ഇവിടെ 231891 കുട്ടികള്‍ക്ക് പ്രതിരോധകുത്തിവെപ്പ് എടുക്കാനുണ്ട്. പകുതിയിലേറെപേര്‍ക്ക് കുത്തിവെപ്പ് നല്‍കി. രോഗപ്രതിരോധത്തിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രോഗിയുമായി ഇടപഴകാന്‍ സാധ്യതയുള്ളവര്‍ക്കും പ്രതിരോധകുത്തിവെപ്പും മരുന്നും നല്‍കുന്നുണ്ട്.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ളെന്നത് ആശങ്കയുളവാക്കുന്ന സ്ഥിതിവിശേഷമാണെന്ന് എം. ഉമ്മര്‍ ചൂണ്ടിക്കാട്ടി. മതപണ്ഡിതന്മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് കുത്തിവെപ്പിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍, രണ്ടുലക്ഷത്തിലധികംപേര്‍ക്ക് കുത്തിവെപ്പ് നല്‍കേണ്ടതുള്ളപ്പോള്‍ 2000പേര്‍ക്ക് നല്‍കാനുള്ള മരുന്നേ ഉള്ളൂ. രോഗം മൂര്‍ച്ഛിക്കുന്നത് തടയാന്‍ നടപടിവേണം. അല്ളെങ്കില്‍ ഇതിനെ സ്വകാര്യമേഖല ചൂഷണം ചെയ്യുമെന്നും ഉമ്മര്‍ പറഞ്ഞു. വാക്സിന്‍ നല്‍കുന്നത് അപകടമാണെന്ന പ്രചാരണം രോഗവ്യാപനത്തിന്  കാരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിദേശങ്ങളിലൊക്കെ മുതിര്‍ന്നവര്‍ പോലും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കേണ്ടതുണ്ട്. ഇവിടെ അതില്ല. സ്കൂള്‍ പ്രവേശസമയത്തുതന്നെ വാക്സിന്‍ നല്‍കണമെന്ന വ്യവസ്ഥകൊണ്ടുവരണം. നിലവിലെ പ്രതിരോധമരുന്ന് മാറ്റി പുതിയത് പരീക്ഷിക്കുമ്പോള്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി നേടിയിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.