ഹൈകോടതി സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജുഡീഷ്യല്‍ അന്വേഷണത്തിന് അഡ്വക്കറ്റ് ജനറലിന്‍റെ ശിപാര്‍ശ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ ഇരു വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി അഡ്വക്കേറ്റ് ജനറല്‍ അധ്യക്ഷനായ സമിതി രൂപീകരിക്കും. സമിതിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകരും മൂന്ന് അഭിഭാഷകരും അംഗങ്ങളാകും. പോലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡി.ജി.പിയെക്കൂടി ഈ സമിതി യോഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും പ്രക്ഷോഭമോ പ്രതിഷേധമോ ഉണ്ടാകുന്നതിന് മുമ്പ് ഈ സമിതി കാര്യങ്ങള്‍ കൈകാര്യം ചെയ്യമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സമൂഹത്തില്‍ തുല്യ പ്രധാന്യമുള്ള ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഹൈകോടതിയിലും തിരുവനന്തപുരം കോടതിയിലുമുണ്ടായ സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണ്. ഹൈകോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ പരിഹാര ചര്‍ച്ചകള്‍ക്കായി വിളിച്ച യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും പ്രതിനിധികൾ പങ്കെടുത്തു.  

ഇരുവിഭാഗവും സൗഹൃദപരമായ അന്തരീക്ഷമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അഭിഭാഷകര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ അഭിമാനിക്കാവുന്ന കാര്യങ്ങളല്ല കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത്. പൊതുസമൂഹത്തിനും അത് നല്ല കാര്യമായി അംഗീകരിക്കാന്‍ കഴിയില്ല. സംഭവത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഉണ്ടായിരുന്നതു പോലെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സഹകരണ, സൗഹൃദ മനോഭാവത്തോടെ ഒരുമിച്ച് നീങ്ങണം. കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമാണെന്നും അതെല്ലാം പരിഹരിക്കാനാണ് യോഗം ചേര്‍ന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഹൈകോടതിയിലെ കാര്യങ്ങളില്‍ സര്‍ക്കാറിന്  ഇടപെടാന്‍ കഴിയില്ളെന്ന് പിണറായി വ്യക്തമാക്കി. ഹൈകോടതിക്ക് അകത്തെ  കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസാണ് തീരുമാനം എടുക്കേണ്ടത്. മീഡിയാ റൂം തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യമുള്‍പ്പെടെയുള്ളതില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്നും സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ളെന്നും പിണറായി ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.