പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള പ്രചാരണം ജാമ്യമില്ലാ കുറ്റമാക്കണം –ബാലാവകാശ കമീഷന്‍

തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ പ്രചാരണം നടത്തുന്നത് ജാമ്യമില്ലാത്ത കുറ്റമാക്കണമെന്ന് ബാലാവകാശ സംരക്ഷണ കമീഷന്‍. മലപ്പുറം, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടെ കേരളത്തിന്‍െറ പല ഭാഗങ്ങളിലും ഇമ്യൂണൈസേഷന്‍ ശതമാനം വളരെ കുറഞ്ഞുപോവുകയും ഡിഫ്തീരിയ രോഗം പടര്‍ന്നുപിടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്ഥിതിഗതികളും അടിയന്തര പ്രാധാന്യം നല്‍കി വിലയിരുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷന്‍ നിര്‍ദേശം നല്‍കി. ഇതിന് സാമ്പത്തികമോ ജീവനക്കാരുടെ അഭാവമോ തടസ്സമാകാന്‍ പാടില്ളെന്നും കമീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, ഗ്ളോറി ജോര്‍ജ് എന്നിവര്‍ അടങ്ങിയ ഫുള്‍ ബെഞ്ച് വ്യക്തമാക്കി.
ശിശുസംരക്ഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രോഗപ്രതിരോധ കുത്തിവെപ്പ് സമ്പൂര്‍ണമാക്കണമെന്നും അല്ലാത്തപക്ഷം ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്നും കാണിച്ച് സാമൂഹികനീതിവകുപ്പ് ഡയറക്ടര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബേസ് തയാറാക്കേണ്ടതാണ്. ഇത് ആരോഗ്യവകുപ്പിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യൂനിവേഴ്സല്‍ ഇമ്യൂണൈസേഷന്‍ പദ്ധതിപ്രകാരമുള്ള പ്രതിരോധകുത്തിവെപ്പുകളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതലത്തില്‍ കലക്ടറും സംസ്ഥാനതലത്തില്‍ ചീഫ്സെക്രട്ടറിയോ ആരോഗ്യവകുപ്പ് സെക്രട്ടറിയോ അധ്യക്ഷനായുള്ള മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്. ഇക്കാര്യങ്ങളില്‍ സ്വീകരിച്ച നടപടി മൂന്നുമാസത്തിനകം കമീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.