കൊല്ലം: പൊലീസുകാരനായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിക്ക് ജീവപര്യന്തം. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം) വകുപ്പ് പ്രകാരം ജീവപര്യന്തത്തിന് പുറമെ 15 വർഷം അധിക തടവും 4.45 ലക്ഷം രൂപ പിഴയുമാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജോര്‍ജ് മാത്യു ശിക്ഷ വിധിച്ചത്.
എസ്.ഐ ജോയിയെ കുത്തിപ്പരുക്കേല്‍പിച്ച കേസിൽ 307 (കൊലപാതകശ്രമം) വകുപ്പ് പ്രകാരം 10 വർഷം, 333 (ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍) വകുപ്പ് പ്രകാരം മൂന്നു വർഷം, 468 (വ്യാജരേഖകള്‍ ചമയ്ക്കല്‍), 471 (വ്യാജരേഖയാണെന്നറിഞ്ഞു കൊണ്ട് ഉപയോഗിക്കല്‍) വകുപ്പുകൾ പ്രകാരം ഒാരോ വർഷം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷയുടെ വിശദാംശങ്ങൾ. പിഴയിൽ രണ്ടു ലക്ഷം രൂപ മണിയൻപിള്ളയുടെ കുടുംബത്തിന് നൽകാനും കോടതി വിധിച്ചിട്ടുണ്ട്. മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയത് കൂടാതെ എ.എസ്.ഐയെ കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് വിധി.
ദാരുണ കൊലപാതകം നടത്തിയ ആട് ആന്‍റണിക്ക് വധശിക്ഷയിൽ താഴ്ന്ന ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ആട് ആന്‍റണിയുടെ സ്വത്തുക്കളെല്ലാം മോഷണ മുതലുകളാണ്. അതിനാൽ കൊല്ലപ്പെട്ട മണിയൻപിള്ളയുടെ കുടുംബത്തിനും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട എസ്.ഐ ജോയിക്കും നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
2012 ജൂണ്‍ 26 നാണ് കേസിനാസ്പദമായി സംഭവം നടന്നത്. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്‍റണിയെ ഗ്രേഡ് എസ്.ഐ ജോയി, പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. വാനിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് ആന്‍റണി ജോയിയേയും മണിയന്‍പിള്ളയെയും കുത്തി. മണിയന്‍പിള്ള തല്‍ക്ഷണം മരിച്ചു. ജോയി പരിക്കുകളോടെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പൊലീസ് പിന്‍തുടര്‍ന്നതിനാൽ വാന്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു ആന്‍റണി. കൊല നടത്തി രക്ഷപ്പെട്ട ഇയാളെ പിന്നെ പിടികൂടിയത് മൂന്നര വര്‍ഷത്തിന് ശേഷമാണ് പിടികൂടിയത്. വാനിലെ വിരലടയാളവും രക്തക്കറയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവ ദിവസം താൻ കേരളത്തിലില്ലായിരുന്നു എന്നായിരുന്നു ആട് ആന്‍റണിയുടെ വാദം. ഈ ദിവസം ഗ്യാസ് കണക്ഷന് വേണ്ടി അപേക്ഷ നൽകിയത് ചൂണ്ടിക്കാണിച്ചാണ് ഈ വാദത്തെ പ്രോസിക്യൂഷൻ പൊളിച്ചത്. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട എസ്.ഐ ജോയി കേസിൽ നിർണായക സാക്ഷിയായിരുന്നു.
പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്ന 201ാം വകുപ്പ് (തെളിവ് നശിപ്പിക്കല്‍) കോടതി നേരത്തെ അംഗീകരിച്ചിരുന്നില്ല. കൊലക്ക് ഉപയോഗിച്ച കത്തി ആന്‍റണി രക്ഷപ്പെടുന്നതിനിടെ ഉപേക്ഷിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. തെളിവ് നശിപ്പിച്ചത് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വകുപ്പ് പ്രകാരമുള്ള ശിക്ഷയിൽ നിന്ന് ആന്‍റണിയെ ഒഴിവാക്കിയിരുന്നു.
78 രേഖകളും 30 സാക്ഷികളെയും പ്രോസിക്യൂഷൻ പ്രതിക്കെതിരെ ഹാജരാക്കി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാളെ മൂന്നു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ 2015 ഒക്ടോബര്‍ 13ന് പാലക്കാട് ഗോപാലപുരത്തു നിന്നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.