കെ.എസ്.എഫ്.ഇയില്‍ അപ്രഖ്യാപിത നിയമനനിരോധം

ചെറുവത്തൂര്‍ (കാസര്‍കോട്): പി.എസ്.സിയുടെ നിയമനശിപാര്‍ശ ലഭിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും കെ.എസ്.എഫ്.ഇയില്‍ നിയമനം നല്‍കിയില്ളെന്ന് ഉദ്യോഗാര്‍ഥികളുടെ ആക്ഷേപം. ഓഫിസ് അസിസ്റ്റന്‍റ് തസ്തികയിലുള്ള 55 പേര്‍ക്കാണ് നിയമനം ലഭിക്കാത്തത്. നിയമനശിപാര്‍ശ ലഭിച്ച് മൂന്നുമാസത്തിനകം നിയമനം നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് അപ്രഖ്യാപിത നിയമനനിരോധം.
 
കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡ് ലാസ്റ്റ്ഗ്രേഡ് സെര്‍വെന്‍റ്സ് റാങ്ക്ലിസ്റ്റില്‍നിന്നാണ് ഓഫിസ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് നിയമനം നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി, ജലവിതരണ അതോറിറ്റി, ഖാദി ബോര്‍ഡ്, സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ തുടങ്ങി അമ്പതോളം പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നത് പൊതു ലിസ്റ്റില്‍നിന്നാണ്. കഴിഞ്ഞ ഫെബ്രുവരി 16ന് പി.എസ്.സി 106 ഒഴിവുകളിലേക്ക് നിയമനശിപാര്‍ശ അയച്ചിരുന്നു. ഇതില്‍ 55 എണ്ണം കെ.എസ്.എഫ്.ഇയിലേക്കാണ്. ഇതില്‍മാത്രമാണ് നിയമനം നല്‍കാനുള്ളത്. അതേസമയം, കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കെ.എസ്.എഫ്.ഇയുടെ വിവിധശാഖകളില്‍ സേവനംചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നുവെങ്കിലും പുതിയനിയമനം നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇത് ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.