ഡീസല്‍ വാഹനനിരോധം നിര്‍മാതാക്കളുടെ സംഘടന ഹരജി നല്‍കി

കൊച്ചി: 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ കേരളത്തിലെ നഗരറോഡുകളില്‍ ഓടാന്‍ അനുവദിക്കരുതെന്നുമുള്ള ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ വാഹന നിര്‍മാതാക്കളുടെ സംഘടന ഹരജി നല്‍കി. ഉത്തരവ് ഏകപക്ഷീയവും സ്വാഭാവികനീതിയുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമോബൈല്‍സ് മാനുഫാക്ചറേഴ്സ് എന്ന കേന്ദ്ര സംഘടയാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
ട്രൈബ്യൂണലിന്‍െറ ഉത്തരവിന് കാരണമായ ഹരജി നല്‍കിയ അഭിഭാഷകരുടെ പാരിസ്ഥിതിക സംഘടനയായ ലോയേഴ്സ് എന്‍വയണ്‍മെന്‍റ് അവയര്‍നസ് ഫോറം (ലീഫ്) ഹരജിയെ എതിര്‍ത്തു. തുടര്‍ന്ന് സമാനമായ കേസിനൊപ്പം ഈ ഹരജിയും പരിഗണിക്കാന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി.
സംസ്ഥാനത്ത് ഡീസല്‍ വാഹനങ്ങള്‍ അമിതമായി മലിനീകരണമുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ശാസ്ത്രീയ പഠനത്തിന്‍െറ അടിസ്ഥാനത്തിലല്ല ട്രൈബ്യൂണല്‍ ഉത്തരവ്. ഹരജിക്കാരായ ലീഫ് പോലും പുതിയ വാഹനങ്ങളോ നിലവിലെ വാഹനങ്ങളോ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല, 2000 സി.സിക്ക് മുകളിലുള്ളതും പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ളതുമായ ഡീസല്‍ വാഹനങ്ങളാണ് മലിനീകരണ കാരണമെന്ന് എന്തടിസ്ഥാനത്തിലാണ് ട്രൈബ്യൂണല്‍ തീരുമാനിച്ചതെന്നും വ്യക്തമല്ല. ഒരു പഠനവും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. ഇത്തരം വാഹനങ്ങളുടെ വില്‍പനക്കാരെയെങ്കിലും കക്ഷിചേര്‍ത്ത് അവരെകൂടി കേട്ടിട്ട് വേണമായിരുന്നു ഇത്തരമൊരു ഉത്തരവ്. പരിസ്ഥിതി സംരക്ഷണനിയമം, മോട്ടോര്‍ വെഹിക്ക്ള്‍സ് ആക്ട്, സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്ക്ള്‍ റൂള്‍സ് തുടങ്ങിയ നിയമങ്ങള്‍ പ്രകാരം വാഹന രജിസ്ട്രേഷന് തടസ്സമില്ല. നിയമപരമായ ഈ അവകാശം എല്ലാവര്‍ക്കും നിലനില്‍ക്കുന്നുണ്ട്. ട്രൈബ്യൂണല്‍ ഉത്തരവ് തുല്യാവകാശത്തിന്‍െറയും സാമൂഹികനീതിയുടെയും ലംഘനമാണ്.
ഡല്‍ഹിയിലെ നിരോധനത്തിന് ചില ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനമെങ്കിലും ഉണ്ടായിരുന്നു. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നിരോധിച്ചത് തങ്ങള്‍ക്ക് നിയമപരമായി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും വില്‍പന നടത്താനുമുള്ള അവകാശങ്ങള്‍ തടയുന്നതാണെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. വാഹനഡീലറായ നിപ്പോണ്‍ മോട്ടോര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് നല്‍കിയ ഹരജിയില്‍ കഴിഞ്ഞദിവസം ട്രൈബ്യൂണല്‍ ഉത്തരവ് ഭാഗികമായി തടഞ്ഞിരുന്നു. ഈ ഹരജിക്കൊപ്പം പരിഗണിക്കാനാണ് പുതിയ ഹരജി മാറ്റിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.