വളാഞ്ചേരി/കോട്ടക്കല്‍: മലപ്പുറം ജില്ലയില്‍ പ്ളസ് ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടന്ന കൂടുതല്‍ സംഭവങ്ങള്‍ പുറത്ത്. ഇതുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളിലായി എട്ടു വിദ്യാര്‍ഥികള്‍കൂടി പിടിയിലായി. വളാഞ്ചേരിയില്‍ കരേക്കാട്, പുറമണ്ണൂര്‍ സ്വദേശികളായ ആറുപേരും കോട്ടക്കലില്‍ കല്‍പകഞ്ചേരി, കരിപ്പോള്‍ സ്വദേശികളായ രണ്ടുപേരുമാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ഇതോടെ വ്യത്യസ്ത സംഭവങ്ങളിലായി പിടിയിലായവരുടെ എണ്ണം 12 ആയി. കഴിഞ്ഞ ദിവസം എടപ്പാളില്‍ നാലുപേര്‍ പിടിയിലായിരുന്നു.
വളാഞ്ചേരിയില്‍ ആള്‍മാറാട്ടത്തിന് പിടിയിലായവരുള്‍പ്പെടെ 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കരേക്കാട് സ്വദേശികളായ അഞ്ചുപേര്‍ മാവണ്ടിയൂര്‍ ബ്രദേഴ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും പുറമണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥി വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് പരീക്ഷ എഴുതിയത്. സംഭവമറിഞ്ഞ് ഒളിവില്‍ പോയ ആറുപേര്‍ക്ക് വേണ്ടിയാണിത്.
പരീക്ഷയെഴുതേണ്ടവരുടെ ഹാള്‍ടിക്കറ്റില്‍ ഫോട്ടോ മാറ്റിഒട്ടിച്ച് വ്യാജ ഒപ്പിട്ടാണ് ഇവര്‍ ചൊവ്വാഴ്ച നടന്ന ഇംഗ്ളീഷ് പരീക്ഷക്കത്തെിയത്. പരീക്ഷാഹാളിലെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നിയതിനെതുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. ജനനതീയതി ചോദിച്ചപ്പോള്‍ തെറ്റായി പറഞ്ഞതിനാലും ചിലര്‍ കുടുങ്ങി. തുടര്‍ന്ന് പൊലീസത്തെി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടുപേരെ തിരൂര്‍ കോടതിയിലും ബാക്കി നാലുപേരെ മഞ്ചേരി ജുവനൈല്‍ കോടതിയിലും ബുധനാഴ്ച ഹാജരാക്കും.
നാലുപേര്‍ റിമാന്‍ഡില്‍
എടപ്പാള്‍: ആള്‍മാറാട്ടം നടത്തി പ്ളസ്ടു സേ പരീക്ഷ എഴുതിയ കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ നാല് വിദ്യാര്‍ഥികളെ ചങ്ങരംകുളം പൊലീസ് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പുറങ്ങ്, അംശകച്ചേരി, മാണൂര്‍, പന്താവൂര്‍ സ്വദേശികളാണ് റിമാന്‍ഡിലായത്. ഒളിവിലുള്ള നാല് വിദ്യാര്‍ഥികളെ പിടികൂടാന്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച പൂക്കരത്തറ ദാറുല്‍ഹിദായ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പിടിയിലായവര്‍ ഒളിവിലുള്ളവര്‍ക്കായി പരീക്ഷ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.