പൊതുമരാമത്തിലെ അഴിമതി: പരാതികളിന്മേല്‍ വിജിലന്‍സ് പരിശോധന

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ ഉന്നതരുടെ ഒത്താശയോടെ നടന്ന അഴിമതിയെ കുറിച്ച് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ (വി.എ.സി.ബി) അന്വേഷണം ആരംഭിച്ചു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കൈമാറിയ പരാതികളിലാണ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ത്വരിതപരിശോധനക്ക് നിര്‍ദേശം നല്‍കിയത്. ഇടുക്കി ജില്ലയിലെ വെങ്ങല്ലൂര്‍-കലൂര്‍ റോഡ് നിര്‍മാണം, കരമന-കളിയിക്കാവിള റോഡ് വികസനപദ്ധതി എന്നിവയില്‍ കോടികളുടെ അഴിമതി നടന്നതായുള്ള പരാതിയിലാണ് മന്ത്രി അന്വേഷണം ആവശ്യപ്പെട്ടത്.

വെങ്ങല്ലൂര്‍-കലൂര്‍ റോഡ് നിര്‍മാണത്തിന് 15 ലക്ഷം രൂപക്കാണ് ടെന്‍ഡര്‍ വിളിച്ചത്. ടെന്‍ഡര്‍ എടുത്ത കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യഥാസമയം നടത്തിയില്ലത്രെ. മൂന്നുവര്‍ഷത്തിനുശേഷം കരാറുകാരനും അസിസ്റ്റന്‍റ് എന്‍ജിനീയറും ചേര്‍ന്ന് 30 ലക്ഷം രൂപ മാറിയെടുത്തെന്നാണ് പരാതി. ഇടുക്കി ജില്ലയില്‍ നടന്ന പലപദ്ധതികളിലും കരാറുകാരും എന്‍ജിനീയര്‍മാരും ഒത്തുകളിച്ചതായും ആക്ഷേപമുണ്ട്. കരമന-കളിയിക്കാവിള റോഡ് നിര്‍മാണത്തിന് 131 കോടിയാണ് അനുവദിച്ചത്. എന്നാല്‍, തുക പൂര്‍ണമായും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാതെ എന്‍ജിനീയര്‍മാരുമായി ഒത്തുകളിച്ചെന്നാണ് ആക്ഷേപം. റിവൈസ്ഡ് എസ്റ്റിമേറ്റ് തരപ്പെടുത്തിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ആക്ഷേപമുണ്ട്. പൊതുമരാമത്ത് വകുപ്പിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനമുണ്ടെങ്കിലും കാര്യക്ഷമമല്ല.

നിര്‍ദിഷ്ട ഹരിപ്പാട്, വയനാട് മെഡിക്കല്‍കോളജ് നിര്‍മാണത്തിനുള്ള കണ്‍സല്‍ട്ടന്‍സി കരാറിലെ അഴിമതി അന്വേഷിക്കാന്‍ പൊതുമരാമത്ത് വിജിലന്‍സിനെ ചുമതലപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോക്ക് അന്വേഷണം കൈമാറിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.