പത്തനംതിട്ട: സംസ്ഥാനത്ത് തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ആധാരം പരിശോധിക്കുന്നതിന് നിയമിച്ച എറണാകുളം ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന് ഭൂമി ഏറ്റെടുക്കാവുന്ന കമ്പനികളുടെ ഗണത്തില്‍ ടാറ്റയും. പഴയ ബ്രിട്ടീഷ് കമ്പനികളുടെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളുടെയും ഭൂമി ഏറ്റെടുക്കാമെന്നാണ് രാജമാണിക്യത്തിന്‍െറ ശിപാര്‍ശ. അവയില്‍ ടാറ്റയുടെ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനിയും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ശിപാര്‍ശ അനുസരിച്ച് പരിശോധിച്ചാല്‍ 1971ല്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് (റിസംപ്ഷന്‍) ആക്ടനുസരിച്ച് കണ്ണന്‍ ദേവന്‍ കമ്പനിക്ക് മൂന്നാറില്‍ ഭൂമി അനുവദിച്ച സര്‍ക്കാര്‍ നടപടിയും ചോദ്യം ചെയ്യപ്പെടും.
സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികളുടെ ഭൂമി ഏറ്റെടുക്കാമെന്നാണ് രാജമാണിക്യത്തിന്‍െറ പ്രധാന ശിപാര്‍ശ.
സ്വാതന്ത്ര്യശേഷം ബ്രിട്ടീഷുകാര്‍ക്ക് ഇവിടെ ഭൂമി കൈമാറാനുള്ള അവകാശം നഷ്ടപ്പെട്ടിരുന്നു. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍റ് ആക്ട് അനുസരിച്ച് 1947 ആഗസ്റ്റ് 15 മുതല്‍ ബ്രിട്ടീഷുകാരുടേതായി ഇന്ത്യയില്‍ ഉണ്ടായിരുന്ന സ്വത്തുവകകള്‍ മുഴുവന്‍ ഇന്ത്യ സര്‍ക്കാറിന്‍േറതായി. സ്വാതന്ത്ര്യത്തിനു ശേഷം ഇംഗ്ളീഷുകാരും ഇംഗ്ളീഷ് കമ്പനികളും കേരളത്തില്‍ തോട്ടം മേഖലയില്‍ ഉണ്ടായിരുന്ന അവരുടെ എല്ലാ ബിസിനസുകളും ഉപേക്ഷിച്ചു നാടുവിടുകയായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 296 അനുസരിച്ച് അത്തരം കമ്പനികളുടെ എല്ലാ സ്വത്തുവകകളും സര്‍ക്കാര്‍ വകയായി എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ടാറ്റയുടെ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നത് 1908ലെ ഇംഗ്ളീഷ് കമ്പനീസ് (കണ്‍സോളിഡേഷന്‍) ആക്ട് പ്രകാരം ഇംഗ്ളണ്ടിലായിരുന്നു. 1971ലെ കണ്ണന്‍ ദേവന്‍ ഹില്‍സ് (ലാന്‍ഡ് റിസംപ്ഷന്‍) ആക്ട് അനുസരിച്ച് 1974 മാര്‍ച്ച് 29ന് 57,235.57 ഏക്കര്‍ കൃഷി ആവശ്യത്തിനായി കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനിക്ക് വിട്ടുനല്‍കി. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് കമ്പനികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അവകാശമില്ളെന്നിരിക്കെ കണ്ണന്‍ ദേവന്‍ ആക്ടനുസരിച്ച് സര്‍ക്കാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനിക്ക് നടത്തിയ ഈ ഭൂമിദാനത്തിന്‍െറ സാധുതയും ചോദ്യം ചെയ്യപ്പെടും. തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹാരിസണ്‍സ് മലയാളം, ആംഗ്ളോ അമേരിക്കന്‍ കമ്പനി, ട്രാവന്‍കൂര്‍ റബര്‍ കമ്പനി എന്നിവയെല്ലാം വിദേശ കമ്പനികളാണെന്നും രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറയുന്നു. അവയുടെ പിന്‍ഗാമികള്‍ എന്ന നിലക്കാണ് ഇപ്പോള്‍ തോട്ടം മേഖലയില്‍ പല കമ്പനികളും പ്രവര്‍ത്തിക്കുന്നത്.
ഇവക്കെല്ലാം അവരുടെ പൂര്‍വകമ്പനികള്‍ ഭൂമി കൈമാറിയത് 1947ന് ശേഷമാണ്. ടാറ്റയുടെ ഗ്രൂപ്പില്‍പെടുന്ന അമാല്‍ഗമേറ്റഡ് ടീ എസ്റ്റേറ്റ് (മലക്കപ്പാറ), ആംഗ്ളോ അമേരിക്കന്‍ ടീ കമ്പനി (പള്ളിവാസല്‍), കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനി (മൂന്നാര്‍) എന്നിവക്കെല്ലാം അവരുടെ പൂര്‍വികരായിരുന്ന ബ്രിട്ടീഷ് കമ്പനി ഭൂമി കൈമാറിയത് 1976ല്‍ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.