പ്രതിരോധ പദ്ധതികള്‍ തുടരുമ്പോഴും ഡിഫ്തീരിയ ഭീതി

മലപ്പുറം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമ്പോഴും ഡിഫ്തീരിയ മരണത്തില്‍നിന്ന് മോചനമില്ലാതെ മലപ്പുറം. ഒരാഴ്ചക്കിടെ രോഗം ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. ചീക്കോട്, പള്ളിക്കല്‍ സ്വദേശികളായ രണ്ട് കുട്ടികള്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലുമാണ്. കഴിഞ്ഞയാഴ്ച താനൂരില്‍ രോഗം സ്ഥിരീകരിച്ചതിനുപുറമെ ആരോഗ്യവകുപ്പ് ആരംഭിച്ച പ്രതിരോധ നടപടികള്‍ തുടരുകയാണ്. വ്യാഴാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തിടത്തും ബോധവത്കരണത്തിനും കുത്തിവെപ്പെടുക്കാനും പ്രത്യേക പദ്ധതി നടപ്പാക്കും.

അഞ്ച് വര്‍ഷത്തിനിടെ കുത്തിവെപ്പെടുക്കുന്നവരുടെ എണ്ണത്തില്‍ ജില്ലയില്‍ കാര്യമായ പുരാഗതി ഉണ്ടായതായും ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരെല്ലാം പത്തുവയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേസമയം, പ്രതിരോധ കുത്തിവെപ്പെടുക്കുന്നവരുടെ ശതമാനത്തില്‍ ജില്ല ഇപ്പോഴും പിറകിലാണ്. 14 ശതമാനത്തോളം പേര്‍ ജില്ലയില്‍ മുഴുവനായോ, ഭാഗികമായോ കുത്തിവെപ്പെടുക്കാത്തവരായുണ്ട്.
ക്ഷയം, പോളിയോ, ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റ്നസ്, അഞ്ചാംപനി, മുണ്ടിവീക്കം, റൂബല്ല എന്നിവ പ്രതിരോധിക്കാനുള്ള കുത്തിവെപ്പുകളാണ് ജനനത്തോടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ഇതല്ലാത്ത മറ്റ് രോഗങ്ങള്‍ വരുമ്പോള്‍ കുത്തിവെപ്പിന്‍െറ പരാജയമെന്ന വിലയിരുത്തലില്‍ തുടര്‍കുത്തിവെപ്പിനോട് വിമുഖത കാണിക്കുന്നവര്‍ ധാരാളമാണ്. മുഴുവന്‍ കുത്തിവെപ്പുമെടുക്കാതെ ചിലതുമാത്രം എടുക്കുന്നവരും തുടര്‍കുത്തിവെപ്പുകള്‍ വിട്ടുകളയുന്നവരും ജില്ലയിലുണ്ട്. കുത്തിവെപ്പുകളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്നില്ളെന്ന് പരാതിപ്പെടുന്നവരുമുണ്ട്.

ഫേസ്ബുക്കടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ നെഗറ്റീവ് വാര്‍ത്തകളില്‍ വിശ്വസിച്ച് കുത്തിവെപ്പിനെതിരെ രംഗത്തിറങ്ങുന്നവരുമുണ്ട്. രോഗങ്ങളെക്കുറിച്ചും കുത്തിവെപ്പിനെക്കുറിച്ചും രക്ഷിതാക്കള്‍ക്കുള്ള അജ്ഞതയും കൃത്യമായി കുത്തിവെപ്പെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.
കേന്ദ്രത്തിന്‍െറയും സംസ്ഥാനത്തിന്‍െറയും പദ്ധതികള്‍ക്കുപുറമെ ജില്ലാതലത്തിലും സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പ് നടപടികള്‍ ആരംഭിച്ചെങ്കിലും പൂര്‍ണ വിജയത്തിലത്തൊനായില്ല. കഴിഞ്ഞവര്‍ഷം ജില്ലാ പഞ്ചായത്തിന്‍െറയും ആരോഗ്യ വകുപ്പിന്‍െറയും നേതൃത്വത്തില്‍ ‘ടീം’ (ടോട്ടല്‍ ഇമ്യൂണൈസേഷന്‍ മലപ്പുറം) എന്ന പേരില്‍ ഒക്ടോബറില്‍ പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നു. ജില്ലാ ഭരണകൂടത്തിന്‍െറയും ചൈല്‍ഡ്ലൈനിന്‍െറയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ ‘മുക്തി’ പദ്ധതിയും ജില്ലയില്‍ ആരംഭിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയ നിര്‍ദേശപ്രകാരമുള്ള ‘ഇന്ദ്രധനുസ്സ്’ പ്രകാരം ജില്ലയിലെ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പെടുക്കുകയുമുണ്ടായി. പദ്ധതികളുടെ ആസൂത്രണത്തിനൊപ്പം കൂടുതല്‍ സ്റ്റാഫും പ്രത്യേക ഫണ്ടും ലഭിച്ചാലേ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയൂ.
 ജില്ലയിലെ ജനസംഖ്യക്കാനുപാതികമായല്ല ആരോഗ്യമേഖലയിലെ ജീവനക്കാരുടെ എണ്ണം. സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പ് പൂര്‍ണതയിലത്തൊനും കൂടുതല്‍ ജനങ്ങളെ ഇതിന്‍െറ ഭാഗമാക്കാനും കൂടുതല്‍ പേര്‍ വേണം. ഡിഫ്തീരിയ ബാധിച്ച് ജില്ലയില്‍ വീണ്ടും മരണം നടന്നതോടെ ക്രിയാത്മകമായ ഇടപെടലിന് ജില്ലാ പഞ്ചയത്തും മുന്നോട്ട് വരേണ്ടതുണ്ട്.

ജില്ലയില്‍ പ്രതിരോധകുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍. അഞ്ചുവര്‍ഷം മുമ്പ് 70 ശതമാനം പേര്‍ മാത്രമായിരുന്നു ജില്ലയില്‍ കുത്തിവെപ്പെടുത്തവര്‍. ഇപ്പോള്‍ ഇത് 85 ശതമാനത്തിലേക്കുയര്‍ന്നു. 2015 ഒക്ടോബര്‍ 15 വരെ ഒരു കുത്തിവെപ്പ് പോലുമെടുക്കാത്ത അഞ്ച് വയസ്സിന് താഴെയുള്ള 26,374 കുട്ടികള്‍ ജില്ലയിലുണ്ടായിരുന്നു. നിലവില്‍ ഇവരുടെ എണ്ണം 26,041 ആണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.