വി.എസിന്‍െറ പദവിയില്‍ തീരുമാനമെടുത്തു –കാരാട്ട്

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍െറ പദവിസംബന്ധിച്ച് സി.പി.എം തീരുമാനിച്ചുകഴിഞ്ഞെന്ന് മുന്‍ ജനറല്‍ സെക്രട്ടറിയും പി.ബി അംഗവുമായ പ്രകാശ് കാരാട്ട്. സംസ്ഥാന മന്ത്രിസഭ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വി.എസിന്‍െറ കാബിനറ്റ് പദവി സംബന്ധിച്ച ചോദ്യത്തിനായിരുന്നു കാരാട്ടിന്‍െറ മറുപടി.

അതേസമയം, പാര്‍ട്ടിഘടകത്തിലെ ഉചിതമായ പദവിയാണ് വി.എസിന്‍െറ ആവശ്യമെന്നാണ് സൂചന. വി.എസുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്ന സൂചനയും കാരാട്ട് നല്‍കി. വി.എസിന്‍െറ പ്രായവും ആരോഗ്യവും നിലവിലെ പരിമിതിയും പരിഗണിച്ചാണ് മുഖ്യമന്ത്രിസ്ഥാനം നല്‍കാതിരുന്നത്. അദ്ദേഹം വഴികാട്ടിയുടെയും ഉപദേഷ്ടാവിന്‍െറയും റോള്‍ വഹിക്കും.

ഇക്കാര്യം ജനറല്‍ സെക്രട്ടറി തന്നെ കേരളത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നില്‍നിന്ന് നയിച്ച ഒരു നേതാവിന് ഒരു മാസം കഴിഞ്ഞപ്പോള്‍ അനാരോഗ്യം വന്നതെങ്ങനെയെന്ന ചോദ്യത്തിന് ഭരണം നടത്തുന്നതും പ്രചാരണം നയിക്കുന്നതും രണ്ടാണെന്നായിരുന്നു മറുപടി.

വി.എസിന് ഭരണപരിഷ്കാരകമീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാനാണ് സി.പി.എം കേന്ദ്രനേതൃത്വം ആലോചിക്കുന്നതെന്ന സൂചന നേരത്തേ പുറത്ത് വന്നിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച ആലോചന ഒന്നും ഇല്ളെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞത്. അതേസമയം, ആലങ്കാരികപദവിക്ക് പകരം സി.പി.എം സംസ്ഥാനഘടകത്തില്‍ രാഷ്ട്രീയമായ ഇടപെടലിനുള്ള സ്ഥാനമാണ് വി.എസ് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുന്നത്.
ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയശേഷം സംസ്ഥാന സെക്രട്ടേറിയറ്റിലോ സംസ്ഥാന സമിതിയിലോ വി.എസിനെ നേതൃത്വം ഉള്‍പ്പെടുത്തിയിട്ടില്ല. കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് എന്ന നിലയിലാണ് സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചതോടെ സംസ്ഥാനഘടകത്തില്‍ ഉചിതമായ പദവി വേണമെന്ന ആവശ്യമാണ് വി.എസ് കേന്ദ്രനേതൃത്വത്തോട് ഉന്നയിച്ചിട്ടുള്ളത്. സംസ്ഥാനസെക്രട്ടറി പദവിയാണ് വി.എസ് ലക്ഷ്യംവെക്കുന്നത്. പ്രായപരിധി കാരണം പാലോളി മുഹമ്മദ് കുട്ടിയെ അടക്കം സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ വി.എസിനെ എങ്ങനെ ഉള്‍പ്പെടുത്തുമെന്നാണ് സംസ്ഥാനനേതൃത്വം ചോദിക്കുന്നത്. അതേസമയം, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കാണ് പ്രായപരിധി ഏര്‍പ്പെടുത്തിയതെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ കാര്യത്തില്‍ ഇത് ഉള്‍പ്പെടില്ളെന്നുമാണ് വി.എസിനോട് അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ വി.എസ് കേന്ദ്ര നേതൃത്വത്തിന്‍െറ നിര്‍ദേശം സ്വീകരിക്കുമോയെന്നതാണ് സംസ്ഥാനഘടകം ഉറ്റുനോക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.