കണ്‍സ്യൂമര്‍ഫെഡ് അഴിമതി: സി.എന്‍. ബാലകൃഷ്ണനെതിരെ വീണ്ടും അന്വേഷണം

തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമിതിക്കേസില്‍ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കണ്‍സ്യൂമര്‍ ഫെഡിന് കീഴിലെ വിദേശമദ്യശാലയില്‍ സാമ്പത്തിക തിരിമിറി നടത്തിയെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനും മലയാളവേദി പ്രസിഡന്‍റുമായ ജോര്‍ജ് വട്ടുകുളം നല്‍കിയ പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
വിദേശമദ്യം വാങ്ങിയതിന് അഞ്ചുകോടി രൂപ കമീഷന്‍ കൈപ്പറ്റിയെന്ന പരാതിയില്‍ ഫെബ്രുവരി 18ന് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതോടൊപ്പം പുതിയ പരാതിയും അന്വേഷിക്കാനും രണ്ട് അന്വേഷണ റിപ്പോര്‍ട്ടും ഏപ്രില്‍ നാലിന് ഹാജരാക്കാനും വിജിലന്‍സ് ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. 2011ല്‍ തൃശൂര്‍ പടിഞ്ഞാറെകോട്ടയിലെ വിദേശമദ്യശാലയില്‍നിന്ന് അന്നത്തെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി റിജി ജി. നായരുടെ നിര്‍ദേശപ്രകാരം ഒരുലക്ഷം രൂപ മന്ത്രിയുടെ ഓഫിസിന് കൈമാറിയെന്നാണ് പരാതി. ഇക്കാര്യം രേഖപ്പെടുത്തിയ ഒൗട്ട്ലെറ്റിലെ ദിനേന വരവ്-ചെലവ് കണക്ക് ലെഡ്ജറിന്‍െറ പകര്‍പ്പും കോടതിയില്‍ സമര്‍പ്പിച്ചു. വിദേശമദ്യം വാങ്ങുമ്പോള്‍ ലഭിച്ച ഇന്‍സെന്‍റീവ് തുക മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അപഹരിച്ചെന്നും ഇതിലൂടെ അഞ്ച് വര്‍ഷംകൊണ്ട് കണ്‍സ്യൂമര്‍ ഫെഡിന് 28.81 കോടി നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു. മന്ത്രി അഞ്ചുകോടി കമീഷന്‍ കൈപ്പറ്റി. ഇതില്‍ രണ്ടുകോടി യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍െറ വീട്ടില്‍വെച്ച് കൈമാറുന്നത് കണ്ടെന്ന മന്ത്രിയുടെ മുന്‍ പി.എ. ശേഖരന്‍െറ മൊഴി പരിഗണിച്ചാണ് ഫെബ്രുവരിയില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.