2008നു മുമ്പ് നികത്തിയ പാടങ്ങളുടെ ക്രമപ്പെടുത്തല്‍: അന്തിമ ഡാറ്റാ ബാങ്ക് നിലവില്‍ വരാത്ത പഞ്ചായത്തുകളില്‍ നടപടികള്‍ക്ക് സ്റ്റേ

കൊച്ചി: നെല്‍വയലുകളുമായി ബന്ധപ്പെട്ട അന്തിമ ഡാറ്റാബാങ്ക് നിലവില്‍ വരാത്ത പഞ്ചായത്തുകളില്‍ 2008ന്ുമുമ്പ് നികത്തിയ തണ്ണീര്‍ത്തടങ്ങളും പാടങ്ങളും ന്യായവിലയുടെ 25 ശതമാനം കെട്ടിവെച്ച് ക്രമപ്പെടുത്താനുള്ള നടപടികള്‍ പാടില്ളെന്ന് ഹൈകോടതി.
2008നുമുമ്പ് നികത്തിയതും ഇനി പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കാത്തതുമായ നിലം ക്രമപ്പെടുത്തിനല്‍കാമെന്ന് വ്യക്തമാക്കി നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിയത് ചോദ്യംചെയ്ത് തിരുവാങ്കുളം നേച്ചര്‍ ലവേഴ്സ് ഉള്‍പ്പെടെ നല്‍കിയ ഒരുകൂട്ടം ഹരജികളിലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. അതേസമയം, അന്തിമ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ച സ്ഥലങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ഭേദഗതി പ്രകാരമുള്ള തുടര്‍ നടപടി സ്വീകരിക്കാം. വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം വരുംമുമ്പ് നികത്തിയ നെല്‍പാടങ്ങള്‍ മറ്റാവശ്യത്തിന് ഉപയോഗിക്കാന്‍ ഭൂമിയുടെ 25 ശതമാനം ന്യായവില ഈടാക്കി അനുമതിനല്‍കാന്‍ കലക്ടര്‍ക്ക് അധികാരം നല്‍കുന്നതാണ് നവംബര്‍ 17ലെ ഭേദഗതി. സംസ്ഥാനത്തെ 677 പഞ്ചായത്തുകളില്‍ കരട് ഡാറ്റാ ബാങ്ക് പോലും നിലവിലില്ല. 250ഓളം പഞ്ചായത്തുകളില്‍ മാത്രമാണ് നടപടി പൂര്‍ത്തിയായത്. ഈ സാഹചര്യത്തില്‍ അനധികൃതമായി നികത്തിയ നിലങ്ങള്‍ വന്‍തോതില്‍ ക്രമപ്പെടുത്താന്‍ ഭേദഗതി വഴിയൊരുക്കുമെന്നും ചട്ടം ലംഘിച്ച് വന്‍തോതില്‍ വയല്‍ നികത്തിയവര്‍ക്ക് പണം വാങ്ങി നിയമലംഘനം സാധൂകരിക്കന്‍ കഴിയുമെന്നുമായിരുന്നു ഹരജിയിലെ ആരോപണം.
നിയമവിരുദ്ധ നടപടിയില്‍ ഏര്‍പ്പെട്ടവരുടെ ഭൂമി സാധൂകരിക്കുന്ന നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഒരുവശത്ത്  പ്രാദേശിക മേല്‍നോട്ടസമിതികളെ നെല്‍വയല്‍ നികത്തുന്നതിനെതിരായ മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, മറുവശത്ത് പുതിയ നിയമപ്രകാരം നിയമവിരുദ്ധ പ്രവൃത്തികള്‍ സാധൂകരിക്കാന്‍ അവസരമുണ്ട്. ഇത് പരിസ്പരവിരുദ്ധമാണ്. 2008ലെ നിയമപ്രകാരം നെല്‍വയല്‍ നികത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യാമെന്നിരിക്കെ പുതിയ നിയമപ്രകാരം ഇത്തരക്കാരുടെ നടപടികളെ സാധൂകരിക്കുന്നതെങ്ങനെയെന്നും കോടതി ആരാഞ്ഞു.
വര്‍ഷങ്ങള്‍ക്കുമുമ്പ് നികത്തിയ ഭൂമി ക്രമപ്പെടുത്തുന്നതില്‍ അപാകതയില്ളെന്നായിരുന്നു സര്‍ക്കാറിന്‍െറ വിശദീകരണം. എന്നാല്‍, നിയമവിരുദ്ധമായി പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തിയവരെ സംരക്ഷിക്കുന്നതാണ് പുതിയ നിയമമെന്ന് കരുതേണ്ടിവരുമെന്നും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനാണ് പുതിയ നിയമഭേദഗതി കൊണ്ടുവന്നതെന്ന ഹരജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കൂടുതല്‍ വാദത്തിനായി കേസ് മധ്യവേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.