തിരുവനന്തപുരം: ഉഷ്ണതരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടറുടെ നിർദേശം ലംഘിച്ച് തുറന്നു പ്രവർത്തിച്ച സ്കൂളിനെതിരെ നടപടി. ചിറയിൻകീഴ് ഗോകുലം പബ്ലിക് സ്കൂളിന്‍റെ വൈദ്യുതി ബന്ധം കലക്ടറുടെ നിർദേശത്തെ തുടർന്ന് വിച്ഛേദിച്ചു. നിർദേശം ലംഘിക്കുന്നത് തുടർന്നാൽ സ്കൂളിന്‍റെ ഫിറ്റ്നസ് റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത് മൂലമുണ്ടാകുന്ന ഉഷ്ണതരംഗം കേരളത്തിൽ രണ്ട് ദിവസം കൂടി തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ഞായറാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം മേയ് 20വരെ നിർത്തിവെക്കാൻ കലക്ടർ ബിജു പ്രഭാകർ ഉത്തരവിട്ടിരുന്നു.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊരിവെയിലത്തും സ്പെഷ്യൽ, ട്യൂഷൻ ക്ലാസ്സുകൾക്കായി കുട്ടികൾ എത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോട്ടയം, കോഴിക്കോട്, കണ്ണൂർ, കൊല്ലം ജില്ലകളിൽ യഥാക്രമം മേയ് മൂന്ന്, മേയ് എട്ട്, മേയ് ഒമ്പത്, മേയ് 20 വരെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.