അഞ്ച് സ്ത്രീതൊഴിലാളികളുള്‍പ്പെടെ 15 പേര്‍ക്ക് സൂര്യാതപമേറ്റു

വണ്ടിപ്പെരിയാര്‍/പത്തനാപുരം: അഞ്ച് സ്ത്രീ തൊഴിലാളികളുള്‍പ്പെടെ 12 പേര്‍ക്ക് സൂര്യാതപമേറ്റു. വണ്ടിപ്പെരിയാറില്‍ തേയില തോട്ടത്തില്‍ ജോലിക്കിടെയാണ് അഞ്ചു സ്ത്രീ തൊഴിലാളികള്‍ക്ക് പൊള്ളലേറ്റത്. തേങ്ങാക്കല്‍ രണ്ടാം ഡിവിഷന്‍ ലയത്തില്‍ അമുത (34), പുഷ്പ റാണി (37), മഹേശ്വരി (42), ഏലപ്പാറ തേയില തോട്ടത്തിലെ ഡെയ്സി (29), സെല്‍വി (33) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കൊളുന്ത് എടുത്തുകൊണ്ടിരിക്കെ പൊള്ളലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. കൈക്കും നെഞ്ചിലും കഴുത്തിന്‍െറ പിന്‍വശത്തുമാണ് പൊള്ളലേറ്റത്. കടുത്ത നീറ്റലും ശാരീരിക അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് 1.45നാണ് ഏലപ്പാറ തേയില തോട്ടത്തിലെ തൊഴിലാളികള്‍ക്ക് പൊള്ളലേറ്റത്. ഇവിടെ ജോലി ചെയ്തിരുന്ന പാര്‍വതിക്ക് (50) തിങ്കളാഴ്ച സൂര്യാതപം ഏറ്റിരുന്നു.

അടിമാലിയില്‍ പുരയിടത്തില്‍നിന്ന് പുല്ല് മുറിക്കുന്നതിനിടെ പിതാവിനും മകനും സൂര്യതപമേറ്റു. കൊന്നത്തടി ചിന്നാര്‍ വാഴച്ചാലില്‍  സലി (41), മകന്‍ സെനിന്‍സണ്‍ (13) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച പശുവിന് പുല്ലുവെട്ടാന്‍ പോയപ്പോഴായിരുന്നു സംഭവം. തളര്‍ച്ചയെ തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ എത്തിയപ്പോഴാണ് ശരീരത്ത് പൊള്ളലേറ്റ് കുമിളകള്‍ കണ്ടത്. കട്ടപ്പനയില്‍ സ്വന്തം പുരയിടത്തില്‍ ജോലി ചെയ്ത പരമേശ്വരന് (61) കഴുത്തിലും നെഞ്ചിലും സൂര്യാതപമേറ്റു.

 സൂര്യാതപമേറ്റ് മറയൂരില്‍ പശു ചത്തു. പട്ടം കോളനി നിവാസി ഗുണശേഖരന്‍െറ മേയാന്‍ വിട്ടിരുന്ന അഞ്ച് വയസുള്ള പശുവാണ് ചത്തത്. വെറ്റിനറി സര്‍ജന്‍ സ്ഥലത്തത്തെി സൂര്യാതപം മൂലമാണ് പശു ചത്തതെന്ന് സ്ഥിരീകരിച്ചു. പത്തനാപുരത്ത് ഫാമിങ് കോര്‍പറേഷനിലെ തൊഴിലാളികളായ ചെമ്പനരുവി ഷീജവിലാസത്തില്‍ സുനിത (30), അഖിലാലയത്തില്‍ സുനിത രാജീവ് (28), ജാസ്മിന മന്‍സിലില്‍ ലൈല (38), ലക്ഷ്മിഭവനില്‍ ശ്രീദേവി (42) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഒരാഴ്ചക്കിടെ ഈ മേഖലയില്‍ ആറുപേര്‍ക്കാണ് സൂര്യാതപം ഏറ്റിരിക്കുന്നത്. പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.


വെയിലത്ത് ജോലി: വിശ്രമം 11 മുതല്‍ മൂന്നുവരെ കര്‍ശനമായി നടപ്പാക്കണം –ഹൈകോടതി
കൊച്ചി: വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ  വിശ്രമസമയം 11 മുതല്‍ മൂന്നുവരെ ആക്കിയത് കര്‍ശനമായി നടപ്പാക്കാന്‍ ഹൈകോടതി ഉത്തരവ്. സംസ്ഥാന ലേബര്‍ കമീഷന്‍ ഉച്ചവിശ്രമം ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടും പല സ്ഥലങ്ങളിലും തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് ചൂണ്ടിക്കാട്ടി അഭിഭാഷകനായ റോഷന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എബ്രഹാം മാത്യു, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍  ലേബര്‍ കമീഷന്‍ നേരത്തേ ഒഴിവ് സമയം പുന$ക്രമീകരിച്ച് ഉത്തരവിട്ടിരുന്നു. ജോലിസമയം രാവിലെ ആറിനും വൈകുന്നേരം ഏഴിനുമിടക്ക് എട്ടുമണിക്കൂറായി ക്രമപ്പെടുത്താനായിരുന്നു ഉത്തരവ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.