കനത്ത സുരക്ഷയില്‍ കണ്ണൂര്‍ ജില്ല

കണ്ണൂര്‍: കനത്ത സുരക്ഷയില്‍ ജില്ല ഇന്ന് പോളിങ് ബൂത്തിലേക്ക്. പൊലീസും കേന്ദ്രസേനയുമുള്‍പ്പെട്ട അതീവ സുരക്ഷാ വലയമാണ് ഒരുക്കിയത്.
23 കമ്പനി കേന്ദ്രസേനയാണ് ജില്ലയില്‍ എത്തിയത്. കൂടാതെ 4,000ത്തോളം പൊലീസുകാരെയും വിന്യസിക്കും. 615 ബൂത്തുകളിലാണ് കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കുക. ലോക്കല്‍ പൊലീസിന്‍െറയും കേന്ദ്രസേനയുടെയും പ്രത്യേക പട്രോളിങ് ടീമുകളുമുണ്ടാകും. ബൂത്തുകള്‍ക്കടുത്തും പോളിങ് സ്റ്റേഷനുകളുടെ പരിസരത്തും കേന്ദ്രസേനാംഗങ്ങള്‍ നിലയുറപ്പിക്കും. ബി.എല്‍.ഒമാരുടെ സഹായത്തോടെ കേന്ദ്രസേനാംഗങ്ങള്‍ വോട്ടര്‍മാരെ പരിശോധിക്കും.

അനിഷ്ട സംഭവങ്ങളോ സംഘര്‍ഷമോ ഉണ്ടായാല്‍ ഇടപെടാന്‍ ഓരോ സര്‍ക്ളിന് കീഴിലും പ്രത്യേക സംഘങ്ങള്‍ തയാറായി നില്‍ക്കും. ബൂത്തുകള്‍ക്ക് 200 മീറ്റര്‍ ചുറ്റളവില്‍ നിരോധാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ കൂട്ടംകൂടി നില്‍ക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ആയുധങ്ങളുമായി എത്തുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ നടപടിയെടുക്കാനുള്ള ഉത്തരവ് പൊലീസിന് നല്‍കി.
ബൂത്തുകളിലെ ലൈവ് ടെലികാസ്റ്റ് നിരീക്ഷിക്കുന്ന ടീമിന്‍െറ പ്രവര്‍ത്തനവും പൊലീസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കലക്ടറേറ്റിലെ വെബ്കാസ്റ്റിങ് സെന്‍ററില്‍ അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി നിരീക്ഷണം നടത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും വെബ്കാസ്റ്റിങ്ങിന് സ്ഥാപിച്ച  ഇന്‍റര്‍നെറ്റ് കേബിളുകള്‍ നശിപ്പിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതക്ക് നിര്‍ദേശമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.