സാമുദായിക ധ്രുവീകരണം പ്രകടമാകുന്ന തെരഞ്ഞെടുപ്പ്


തൃശൂര്‍: മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി സാമുദായിക ധ്രുവീകരണം പ്രകടമാകുന്നു എന്നത് ഈ തെരഞ്ഞെടുപ്പിന്‍െറ പ്രത്യേകതയാണ്. ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയെ മറികടക്കാന്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളും ചില സാമുദായിക സംഘടനകളും  വ്യക്തമായ നിലപാടെടുത്തതോടെയാണിത്. 140 മണ്ഡലങ്ങളിലും സാമുദായിക വോട്ടുകള്‍ നിര്‍ണായകമാകുമെന്നാണ് പൊതുവിലയിരുത്തല്‍.
ഹിന്ദുവോട്ട് ഏകീകരണത്തിലൂടെ താമര വിരിയിക്കാമെന്ന് ബി.ജെ.പി സ്വപ്നം കാണുമ്പോള്‍ ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടക്കെതിരെ ന്യൂനപക്ഷ സമുദായങ്ങളുടെ ഏകീകരണമാണ് മിക്കയിടങ്ങളിലും പ്രകടമാകുന്നത്. അതിന് ഭരണ-പ്രതിപക്ഷ മുന്നണികളുടെ പിന്തുണയുമുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷ പ്രീണനമാണ് മികച്ച ആയുധമെന്ന മുന്നണികളുടെ തിരിച്ചറിവും സ്വാധീനം തെളിയിക്കാനുള്ള ചില സാമുദായിക നേതാക്കളുടെ ശ്രമവും കൂടിയായപ്പോള്‍ സാമുദായിക വോട്ടുകള്‍ നിര്‍ണായകമാകുകയാണ്.

ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യം വര്‍ഗീയ, സാമുദായിക വികാരങ്ങള്‍ വോട്ടാക്കാനുറച്ച് സജീവമായപ്പോള്‍ ഭരണ-പ്രതിപക്ഷ മുന്നണികളും അതേ കാര്‍ഡിറക്കി കളിക്കുകയാണ്. ഓരോ മണ്ഡലത്തിലെയും ഭൂരിപക്ഷ വോട്ടര്‍മാരുടെ സമുദായം പരിഗണിച്ചാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകളും ബി.ജെ.പി-യു.ഡി.എഫ് അവിശുദ്ധ ബന്ധമെന്ന എല്‍.ഡി.എഫിന്‍െറ ആരോപണവുമെല്ലാം ന്യൂനപക്ഷവോട്ടില്‍ കണ്ണുവെച്ചാണ്. ഈഴവ സമുദായത്തിന്‍െറ  വോട്ടാണ് ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യത്തിന്‍െറ പ്രധാനലക്ഷ്യം. എന്നാല്‍ ബി.ഡി.ജെ.എസ് ബാന്ധവം സവര്‍ണ ഹിന്ദുവിഭാഗത്തിന്‍െറ വോട്ട് നഷ്ടപ്പെടുത്തുമോയെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്.

തെക്കന്‍ കേരളത്തില്‍ സ്വാധീനമുള്ള ലത്തീന്‍ കത്തോലിക്കാസഭയും മധ്യകേരളത്തിലെ അതിരൂപതകളും പരസ്യപ്രസ്താവനയിറക്കിയത് ഈ ധ്രുവീകരണം ശരിവെക്കുന്നതാണ്. മഹല്ല് ജമാഅത്തുകളുടെയും മുസ്ലിം മതാധ്യക്ഷന്മാരുടെയും പിന്തുണ നേടാന്‍ മുന്നണി നേതാക്കള്‍ പലപ്പോഴും മത്സരിച്ചു. തങ്ങളുടെ ശക്തി തെളിയിക്കാനാണ്  എന്‍.എസ്.എസ് ജന. സെക്രട്ടറി ജി. സുകുമാരന്‍നായര്‍, എസ്.എന്‍.ഡി.പി. യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവരടക്കമുള്ളവരുടെ ശ്രമം. ഭൂരിപക്ഷവോട്ടുകളുടെ ‘മൊത്ത വ്യാപാരികള്‍’ എന്ന നിലയിലാണ് ഈ നേതാക്കളുടെ നീക്കങ്ങളും. സാമുദായിക വോട്ട് ഉറപ്പിക്കാന്‍ മുന്നണികളും സ്ഥാനാര്‍ഥികളും നടത്തിയ ശ്രമങ്ങള്‍ എത്രകണ്ട് വിജയിച്ചെന്ന് കാത്തിരുന്ന് കാണണം.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.