അണപൊട്ടിയ ആവേശത്തില്‍ പൊലീസ് നിയന്ത്രണം പാളി

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് കാണാനത്തെിയ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശത്തിനുമുന്നില്‍ പൊലീസിന്‍െറ നിയന്ത്രണം പാളി. വി.വി.ഐ.പി, വി.ഐ.പികള്‍ക്ക് പ്രത്യേക കവാടങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ആവേശത്തിമിര്‍പ്പിലത്തെിയ അണികള്‍ നിയന്ത്രണങ്ങള്‍ പാടേ അവഗണിച്ച് അകത്തേക്ക് കടക്കുകയായിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ നന്നേ വിയര്‍ത്തു.

സെക്രട്ടേറിയറ്റ് അനക്സിന് മുന്നിലെ രണ്ടാം കവാടത്തിലൂടെ വി.ഐ.പി പവലിയനിലേക്ക് പ്രവര്‍ത്തകര്‍ കടക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഇത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. വി.വി.ഐ.പികള്‍ക്കായി ഒരുക്കിയ കവാടത്തിലൂടെയും പ്രവര്‍ത്തകര്‍ അകത്തുകടക്കാന്‍ ശ്രമിച്ചു. ഇത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വൈകീട്ട് 3.30ന് വി.വി.ഐ.പി ഗേറ്റില്‍ തിരക്ക് നിയന്ത്രണാതീതമായി. ഈ സമയം സത്യപ്രതിജ്ഞ ചെയ്യാനത്തെിയ നിയുക്ത മന്ത്രിമാര്‍ക്കുപോലും ഗേറ്റിനുമുന്നില്‍ ദീര്‍ഘനേരം കാത്തുകിടക്കേണ്ടിവന്നു. ഇവരെ ഏറെ പണിപ്പെട്ടാണ് പൊലീസ് അകത്തേക്ക് കടത്തിയത്.
പ്രസ്ക്ളബിന് മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് പൊലീസ് ശക്തമായ ക്രമീകരണങ്ങള്‍ ഒരുക്കിയെങ്കിലും തിരക്ക് നിയന്ത്രിക്കാനായില്ല. സ്റ്റേഡിയത്തിനുള്ളില്‍ കടന്ന പ്രവര്‍ത്തകരില്‍ ചിലര്‍ ബാരിക്കേഡ് ചാടിക്കടന്ന് വി.ഐ.പി ലോഞ്ചിന് പിന്നിലത്തെി.

മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ ഇരിപ്പിടങ്ങളും ഇവര്‍ കൈയേറി. നേരത്തേ സ്റ്റേഡിയത്തില്‍ കടന്ന പ്രവര്‍ത്തകര്‍ പലരും മഴനനയാതിരിക്കാന്‍ മേല്‍ക്കൂരയുള്ള ഗാലറിയില്‍ ഇരിപ്പുറപ്പിച്ചു. പിന്നീട് വന്നവര്‍ മുന്‍ഭാഗത്തേക്ക് പോകാതെ പിന്നില്‍ തടിച്ചുകൂടിയത് മാര്‍ഗതടസ്സമുണ്ടാക്കി.

വൈകീട്ട് 3.45 ആയപ്പോഴേക്കും സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ചടങ്ങ് വീക്ഷിക്കാനുള്ള സൗകര്യാര്‍ഥം ബാരിക്കേഡിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ പൊലീസ് മാറ്റിയതും വാക്കേറ്റത്തിനിടയാക്കി. 4.45 ആയപ്പോഴേക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഏറക്കുറെ പൂര്‍ത്തിയായി.  സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞിട്ടും അണികളുടെ ആവേശം അടങ്ങിയില്ല. അതിഥികള്‍ വേദിവിട്ടതോടെ പ്രവര്‍ത്തകര്‍ മുന്‍നിരയിലേക്ക് വന്നു. അണികളുടെ ആവേശം അണപൊട്ടിയതോടെ പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിമാര്‍ അല്‍പനേരം വേദിയില്‍തന്നെ നിന്നു. കൈയുയര്‍ത്തി അഭിവാദ്യം ചെയ്തു. ഫോട്ടോ എടുക്കാനായിരുന്നു ചിലര്‍ക്ക് ആഗ്രഹം. മൊബൈല്‍ ഫോണുമായി നിരന്ന പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കൈവീശി മന്ത്രിമാര്‍. ഇതിനിടെ പിണറായി വിജയന്‍ വേദിയുടെ മുന്നിലേക്ക് വന്നു, ഇതോടെ മുന്‍നിരയില്‍ ഉച്ചത്തില്‍ മുദ്രാവാക്യം.

വേദിയില്‍നിന്ന് പ്രവര്‍ത്തകരുടെ കൈകളില്‍ തട്ടിയായിരുന്നു പിണറായിയുടെ അഭിവാദ്യം. ഇതോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ മുന്നിലേക്ക് വന്നു. എല്ലാവരെയും പരിഗണിക്കാനും പിണറായി മറന്നില്ല. ഇതിനിടെ എം.എല്‍.എമാരില്‍ ചിലര്‍ മന്ത്രിമാര്‍ക്ക് ആശംസയര്‍പ്പിക്കാന്‍ നേരിട്ട് വേദിയിലത്തെി. 10 മിനിറ്റോളം നീണ്ട കുശലംപറച്ചിലുകള്‍ക്കു ശേഷമാണ് മന്ത്രിമാര്‍ വേദി വിട്ടത്. അണികള്‍ മുദ്രാവാക്യം മുഴക്കിയാണ് മന്ത്രിമാരെ യാത്രയാക്കിയത്. സ്റ്റേഡിയത്തിനു പുറത്ത് പലയിടങ്ങളിലായി എല്‍.ഇ.ഡി സ്ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. ഇവിടങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ചെണ്ടമേളവും ഉത്തരേന്ത്യന്‍ വാദ്യവുമൊക്കെയായാണ് ഇവിടെയും പ്രവര്‍ത്തകര്‍ നിരന്നത്.

കൊടികെട്ടിയ ഇരുചക്രവാഹനങ്ങളായിരുന്നു എവിടെയും. മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ചിത്രങ്ങള്‍ പതിച്ച ടീ ഷര്‍ട്ടുകളണിഞ്ഞ പ്രവര്‍ത്തകര്‍ നിരത്തില്‍ നിറഞ്ഞത് വേറിട്ട കാഴ്ചയായി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആശംസകളര്‍പ്പിച്ച ബാനറുകള്‍ക്ക് പിന്നിലും പ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു. ആഘോഷമായാണ് പ്രവര്‍ത്തകര്‍ മടങ്ങിയതും. പിക്-അപ് വാഹനങ്ങളില്‍ കൊടികളേന്തിയും നാസിക് ധോളുകള്‍ മുഴക്കിയും മടങ്ങുന്ന പ്രവര്‍ത്തകരെയാണ് ആറര വരെയും നഗരത്തില്‍ കാണാനായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.