ഡീസല്‍ വാഹനനിയന്ത്രണം വ്യാപിപ്പിക്കില്ല -ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ഡീസല്‍വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. വിവിധ നഗരങ്ങളിലെ വായുമലിനീകരണ തോത് സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു.

ഡീസല്‍ വാഹന നിയന്ത്രണം മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷ പരിഗണിക്കവേയാണ് ട്രൈബ്യൂണല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സും ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും ഏറ്റവും മലിനീകരണമുള്ള രണ്ടു നഗരങ്ങളുടെ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഓരോ ജില്ലയിലെയും ജനസംഖ്യയും വാഹനസാന്ദ്രതയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ബന്ധപ്പെട്ട കക്ഷികളുടെ വാദം കേട്ടശേഷം നിയന്ത്രണകാര്യം തീരുമാനിക്കാമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

2000 സി.സിക്ക് മുകളിലുള്ള ഡീസല്‍വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിരോധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചാല്‍ വാഹന നിര്‍മാണമേഖലതന്നെ തകരുമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് വാദിച്ചു. ഡീസല്‍ വാഹനങ്ങള്‍ മാത്രമല്ല, മലിനീകരണമുണ്ടാക്കുന്നതെന്നും അന്തരീക്ഷത്തിലെ പൊടിയും മാലിന്യം കത്തിക്കലും അതിന് കാരണമാകുന്നുണ്ടെന്നും സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സിന് വേണ്ടി ഹാജരായ അഡ്വ. മനു അഭിഷേക് സിങ്വി വാദിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.