പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു മത്സ്യബന്ധന തുറമുഖം


കൊയിലാണ്ടി: മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് പ്രവൃത്തി തുടങ്ങിയ കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം പത്തുവര്‍ഷം പിന്നിട്ടിട്ടും യാഥാര്‍ഥ്യമായില്ല.
2006 ഡിസംബര്‍ 17ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് നിര്‍മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. പക്ഷേ, പണി തുടങ്ങാന്‍ പിന്നെയും വൈകി. ലേലത്തില്‍ പങ്കെടുത്ത ഒരു കരാറുകാരന്‍ കോടതിയെ സമീപിച്ചതായിരുന്നു കാരണം. ആറു മാസത്തോളം അങ്ങനെപോയി. പിന്നെയും ഇടക്കിടെ തടസ്സങ്ങള്‍ വന്നു. ഫണ്ടിന്‍െറ അഭാവം പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.

ആദ്യം പ്രഖ്യാപിച്ചതില്‍നിന്ന് വ്യത്യസ്തമായി പുലിമുട്ടുകളുടെ നീളം കുറച്ചത് പ്രതിഷേധം ക്ഷണിച്ചുവരുത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമാണ് തുറമുഖ നിര്‍മാണം. 35.45 കോടിയായിരുന്നു ആദ്യ എസ്റ്റിമേറ്റ്. പിന്നീടത് 63.99 കോടിയായി വര്‍ധിപ്പിച്ചു. നിര്‍ത്തിവെച്ച പ്രവൃത്തി വീണ്ടും തുടങ്ങിയെങ്കിലും വാര്‍ഫില്‍ മണല്‍ നിറക്കുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായി. തീരത്തെ മണല്‍ എടുക്കുന്നതിലായിരുന്നു പ്രശ്നം.
പിന്നീട് മണല്‍ പുറത്തുനിന്ന് കൊണ്ടുവന്ന് നിറക്കാന്‍ തീരുമാനിച്ചെങ്കിലും പ്രവൃത്തി പൂര്‍ത്തിയായില്ല. വാര്‍ഫിനും കരക്കുമിടയില്‍ 106 മീറ്റര്‍ വീതിയിലും 210 മീറ്റര്‍ നീളത്തിലുമാണ് മണല്‍ നിറക്കേണ്ടത്.

ഇതിന്‍െറ അവസാനഘട്ടം മുടങ്ങിയിരിക്കയാണ്. ലേല ഹാള്‍, ഭക്ഷണശാല, ഓഫിസ്, റോഡ് തുടങ്ങിയവയും നിര്‍മിക്കാനുണ്ട്. കൊയിലാണ്ടിയുടെ വാണിജ്യരംഗത്ത് വന്‍ വികസനമുണ്ടാക്കുന്ന പദ്ധതിയാണ് ഇങ്ങനെ മുടങ്ങിക്കിടക്കുന്നത്. മത്സ്യബന്ധന പ്രവര്‍ത്തനങ്ങളെയും ഇത് സാരമായി ബാധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.