ഏക സിവില്‍കോഡ് ശരീഅത്തിനെ അട്ടിമറിക്കാന്‍ –മുസ്ലിം നേതാക്കള്‍

കൊല്ലം: ഏക സിവില്‍കോഡ് ശരീഅത്തിനെ അട്ടിമറിക്കാനാണെന്ന് മുസ്ലിം നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാര്‍ പാസാക്കിയ 1937ലെ ഇന്ത്യന്‍ ശരീഅത്ത് ആപ്ളിക്കേഷന്‍ ആക്ടില്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, വഖ്ഫ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തിയിട്ടുള്ളതാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യന്‍ ഭരണഘടനയില്‍ ഈ അവകാശങ്ങള്‍ നിലനിര്‍ത്തി 25 മുതല്‍ 30 വരെയുള്ള വകുപ്പുകള്‍ മൗലികാവകാശങ്ങളായി അംഗീകരിച്ചിട്ടുമുണ്ട്.

മൗലികാവകാശങ്ങളെ മറികടക്കാന്‍ മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ക്ക് അര്‍ഹതയില്ല. മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ പ്രമുഖമായി പരാമര്‍ശിക്കപ്പെട്ട മദ്യനിരോധം, സൗജന്യവിദ്യാഭ്യാസം തുടങ്ങിയ ജീവല്‍പ്രശ്നങ്ങളില്‍ പലതും ഇപ്പോഴും നടപ്പാക്കിയിട്ടില്ളെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. ഏക സിവില്‍കോഡ് നീക്കം രാജ്യത്തിന്‍െറ മതേതരത്വം തകര്‍ക്കാനേ ഉപകരിക്കൂ. രാഷ്ട്രീയലക്ഷ്യത്തിന് നടത്തുന്ന ഈ ശ്രമം ഉപേക്ഷിക്കണം. കെ.പി. അബൂബക്കര്‍ ഹസ്രത്ത്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെ.പി. മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എം.എ. സമദ്, എ.കെ. ഉമര്‍ മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, എസ്. അബ്ദുല്‍ ഹക്കീം മൗലവി എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

കോടതി ഇടപെടേണ്ട സാഹചര്യമില്ല –സമസ്ത
കോഴിക്കോട്: ശരീഅത്ത് നിയമത്തില്‍ കോടതി ഇടപെടേണ്ട സാഹചര്യമില്ളെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ വ്യക്തമാക്കി. മതനിയമങ്ങള്‍ പാലിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഉറപ്പ് നല്‍കുന്നുണ്ട്. ഏക സിവില്‍കോഡ് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ഏക സിവില്‍കോഡിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇടക്കിടെ കാടിളക്കുന്നത് ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഏക സിവില്‍കോഡ് ചെറുക്കും –കേരള നദ്വത്തുല്‍ മുജാഹിദീന്‍
കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടന വകവെച്ച് നല്‍കിയ മതസ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കുന്ന തരത്തിലുള്ള ഏക സിവില്‍കോഡിനെ ശക്തമായി ചെറുക്കുമെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി വ്യക്തമാക്കി.
സാമൂഹിക അസമത്വം അവസാനിപ്പിക്കുകയാണ് ഏക സിവില്‍കോഡ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ അവകാശവാദം പരിഹാസ്യമാണ്. രാജ്യത്ത് ദാരിദ്ര്യവും പട്ടിണിയും ഉദ്യോഗ വിദ്യാഭ്യാസ അധികാര മേഖലയില്‍ പിന്നാക്ക വിഭാഗങ്ങളോടുള്ള വിവേചനവും അവസാനിപ്പിക്കുകയാണ് സാമൂഹിക അസമത്വം ഇല്ലാതാക്കാനുള്ള മാര്‍ഗമെന്നിരിക്കെ അത്തരം അടിസ്ഥാന പ്രശ്നങ്ങളോട് മുഖംതിരിച്ചുനിന്ന് ഏക സിവില്‍കോഡ് മുഖ്യ അജണ്ടയാക്കുന്നത് ഭരണതലത്തിലെ മോദി സര്‍ക്കാറിന്‍െറ പൂര്‍ണ പരാജയമാണ് വ്യക്തമാക്കുന്നത്.

 സംസ്ഥാന പ്രസിഡന്‍റ് സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, പ്രഫ. എന്‍.വി. അബ്ദുറഹിമാന്‍, പി.കെ. ഇബ്രാഹിം ഹാജി, എ. അസ്ഗറലി, കെ. അബൂബക്കര്‍ മൗലവി, അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ഡോ. മുസ്തഫ ഫാറൂഖി, ഉബൈദുല്ല താനാളൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.