കോടതികളില്‍ രഹസ്യ ഒത്തുകളി; മാധ്യമ പ്രവര്‍ത്തകര്‍ ‘സര്‍ജിക്കല്‍ സ്ട്രൈക്കിന്’ ഒരുങ്ങണം –ഡോ. സെബാസ്റ്റ്യന്‍ പോള്‍

കോഴിക്കോട്: കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വിലക്കിനെതിരെ ‘സര്‍ജിക്കല്‍ സ്ട്രൈക്കിന്’ ഒരുങ്ങണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന, രാജ്യ ചരിത്രത്തിലില്ലാത്ത  മാധ്യമ വിലക്കിന് ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാലിക്കറ്റ് പ്രസ് ക്ളബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിഭാഷകന്‍ കൂടിയായ ഡോ. സെബാസ്റ്റ്യന്‍ പോള്‍.

അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളെ കടിഞ്ഞാണിടാന്‍ ശ്രമിച്ചിരുന്നെങ്കിലും വാര്‍ത്താശേഖരണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനായിരുന്നു നിയന്ത്രണം. എന്നാല്‍, അതിലേറെ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. വാര്‍ത്തകളെ അവയുടെ സ്രോതസ്സില്‍തന്നെ തടയുകയാണ്. ജുഡീഷ്യല്‍ അടിയന്തരാവസ്ഥയുടെ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജഡ്ജിമാര്‍ അതിന് കൂട്ടുനില്‍ക്കുന്നു. അഭിഭാഷകര്‍ക്കും പത്രക്കാര്‍ക്കും ഇതുകൊണ്ട് ഒരു കുഴപ്പവും പറ്റിയിട്ടില്ല. ഒരാളുടെയും ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. കോടതി വാര്‍ത്തകള്‍ ഇല്ലാത്തതിനാല്‍  ഒരു പത്രത്തിന്‍െറയും കോപ്പി കുറഞ്ഞിട്ടില്ല. ഒരു ചാനലിന്‍െറയും റേറ്റിങ്ങും ഇടിഞ്ഞിട്ടില്ല. അതേസമയം, നഷ്ടം മുഴുവന്‍ പൊതുസമൂഹത്തിനാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കോടതികളില്‍നിന്ന് വരുന്ന വാര്‍ത്തകളൊന്നും ജനങ്ങളറിയുന്നില്ല. സുപ്രധാന വിധികള്‍, പരാമര്‍ശങ്ങള്‍ എന്നിവയൊന്നും പുറംലോകത്തത്തെുന്നില്ല. 

കോടതിമുറികളില്‍ നിശ്ശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണ്. ഏത് ഒത്തുകളിക്കും കൂട്ടുനില്‍ക്കുന്ന  ജഡ്ജിമാരുമുണ്ട്. സമൂഹത്തിന്‍െറ നിരീക്ഷണം ഭയന്നാണ് അവര്‍ പലപ്പോഴും മാറിനിന്നത്. നിരീക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഇല്ലാതായതോടെ കോടതികളില്‍ രഹസ്യ ഒത്തുകളികള്‍ വ്യാപകമായെന്നും  അദ്ദേഹം ആരോപിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. 

ഒരു അഭിഭാഷകന്‍ ഒരു സ്ത്രീയെ സന്ധ്യാസമയത്ത് നടുറോഡില്‍ കടന്നുപിടിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ പൊലീസ് കേസെടുത്തു. പൊലീസിനെതിരെ അഭിഭാഷക അസോസിയേഷന്‍ പ്രമേയം ഇറക്കാനൊരുങ്ങിയെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായി. ഇത് വാര്‍ത്തയായതോടെ അഭിഭാഷകര്‍ നിലവിട്ട് പെരുമാറുകയായിരുന്നു. 

അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ പ്രശ്നം പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായതില്‍ ദുരൂഹതയുണ്ടെന്ന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കോടതികളിലെ മാധ്യമവിലക്ക് പത്രസ്വാതന്ത്ര്യത്തിന്‍െറ മാത്രം പ്രശ്നമായി കാണരുത്. പൗരന്‍െറ അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും മേലുള്ള കൈകടത്തലാണിതെന്ന് എന്‍.പി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും അഭിഭാഷക യൂനിയന്‍ ഉണ്ടെങ്കിലും മാധ്യമങ്ങള്‍ക്കെതിരെയുള്ള പ്രശ്നത്തില്‍ പാര്‍ട്ടികള്‍ അവരുടെ യൂനിയനുകളെ തടഞ്ഞില്ളെന്ന് കെ.യു.ഡബ്ള്യു.ജെ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. 

പ്രസ് ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ളബ് സെക്രട്ടറി എന്‍. രാജേഷ്, ട്രഷറര്‍ പി. വിപുല്‍നാഥ് എന്നിവര്‍ സംസാരിച്ചു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.