അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി തുടങ്ങും. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ തടസ്സപ്പെടുത്തില്ല.

പണിമുടക്കിന്‍െറ ഭാഗമായി സെക്രട്ടേറിയറ്റ് ട്രഷറി ആസ്ഥാനത്തിന് മുന്നില്‍ പ്രത്യേകം തയാറാക്കുന്ന പന്തലില്‍ ധര്‍ണ സംഘടിപ്പിക്കും. വിവിധ ട്രേഡ് യൂനിയനുകളുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ടെക്നോപാര്‍ക്, ഐ.എസ്.ആര്‍.ഒ ജീവനക്കാര്‍ സഹകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. എന്‍.ജി.ഒ യൂനിയന്‍, എന്‍.ജി.ഒ അസോസിയേഷന്‍ തുടങ്ങിയ സര്‍വിസ് സംഘടനകളും സമരത്തില്‍ പങ്കാളികളാകും.  

അതേസമയം, പണിമുടക്കില്‍ ബി.എം.എസ് പങ്കെടുക്കില്ളെന്ന് ഭാരവാഹികള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംയുക്ത സമരസമിതി കേന്ദ്രസര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ച 12 ഇന ആവശ്യങ്ങളില്‍ ബോണസ്, മിനിമം വേതനം എന്നിവ ഭാഗികമായി അംഗീകരിച്ചതൊഴിച്ചാല്‍ മറ്റുള്ളവ പരിഗണിക്കാന്‍ കേന്ദ്രം തയാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.

നാളത്തെ സ്കൂള്‍ പരീക്ഷകള്‍ മാറ്റി

പൊതുപണിമുടക്ക് നടക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ രണ്ടിന് നടത്താനിരുന്ന സ്കൂള്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ എട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. രണ്ടിലെ ടൈംടേബ്ള്‍ പ്രകാരംതന്നെയായിരിക്കും പരീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.