തലവരിപ്പണം നേരിട്ടു വാങ്ങാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കി -ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റും തമ്മിലുളള ഒത്തുകളിയിലൂടെ 80 ശതമാനം സീറ്റുകളിലും കുത്തനെ ഫീസ് വര്‍ധിപ്പിച്ചത് വിദ്യാര്‍ഥികളോടുള്ള കടുത്ത വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനേജ്‌മെന്റുകള്‍ പിന്‍വാതില്‍ വഴി വാങ്ങിയിരുന്ന കാപ്പിറ്റേഷന്‍ ഫീസ് നിയമ വിധേയമാക്കി കൊടുക്കുകയാണ് വലിയ വായില്‍ വിപ്ലവവും പുരോഗമനവും പ്രസംഗിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. കേരളാ മെറിറ്റിനെയും നീറ്റിനെയും രണ്ടായി കാണുന്നത് തികച്ചും അന്യായമാണെന്നും ചെന്നിത്തല പറഞ്ഞു.

കേരളാ മെറിറ്റിനെക്കാള്‍ കൂടുതലോ അല്ലെങ്കില്‍ അത് പോലെ തന്നെയോ നിലവാരമുള്ള കുട്ടികളാണ് നീറ്റ് മെറിറ്റിലുള്ളത്.  ആ സാഹചര്യത്തില്‍  നീറ്റില്‍ വന്ന കുട്ടികള്‍ക്ക് കൂടുതല്‍ ഫീസ് ഏര്‍പ്പെടുത്തിയത് ന്യായീകരിക്കാന്‍ കഴിയില്ല. അത് നീറ്റ് മെറിറ്റിനുള്ള കുട്ടികളോടുള്ള കടുത്ത ദ്രോഹമാണ്. സര്‍ക്കാരും മാനേജ്‌മെന്റുകളും ഒത്ത് ചേര്‍ന്ന് പാവപ്പെട്ട വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്ന സ്ഥിതിവിശേഷമാണ് ഇവിടെ സംജാതമായിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

മാനേജ്‌മെന്റ് സീറ്റില്‍ എട്ടര ലക്ഷം രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഫീസ് അത് 11 ലക്ഷമാക്കി കുത്തനെ ഉയര്‍ത്തിയത്  ഇതിന് വേണ്ടിയായിരുന്നു. നീറ്റ് ലിസ്റ്റില്‍ നിന്ന് പ്രവേശനം നല്‍കണമെന്നുള്ള സുപ്രിംകോടതി വിധിയോടെ കാപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നതിന് നിയന്ത്രണം വരുമെന്ന അങ്കലാപ്പിലായിരുന്നു മാനേജ്‌മെന്റുകളെന്നും ചെന്നിത്തല വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.