എസ്.പി.സി.എ തലവനെച്ചൊല്ലി തര്‍ക്കം: കേന്ദ്ര ഫണ്ട് തടഞ്ഞു

പത്തനംതിട്ട: കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി കേരളത്തില്‍ ജന്തുദ്രോഹ നിവാരണ സമിതി (എസ്.പി.സി.എ) പ്രസിഡന്‍റായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരെ നിയമിച്ചതിന്‍െറ പേരില്‍ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള കേന്ദ്രഫണ്ട് കിട്ടാതായി. വന്ധ്യംകരിക്കുന്ന നായ്ക്കളുടെ എണ്ണത്തിന്‍െറ 50 ശതമാനത്തിനു 445 രൂപ പ്രകാരമാണ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡില്‍നിന്ന് ലഭിക്കേണ്ടത്. കഴിഞ്ഞ സര്‍ക്കാറാണ് കേന്ദ്രാനുമതി കൂടാതെ ഘടനയില്‍ മാറ്റം വരുത്തിയത്.

സംസ്ഥാനങ്ങള്‍ക്ക് 2002ല്‍ കൈമാറിയ മാതൃകാ നിയമാവലി പ്രകാരവും കേന്ദ്ര മൃഗ ക്ഷേമബോര്‍ഡ് മാര്‍ഗനിര്‍ദേശവും അനുസരിച്ച് ജില്ലാ കലക്ടര്‍മാരാണ് എസ്.പി.സി.എ പ്രസിഡന്‍റാകേണ്ടത്. ജില്ലാ പൊലീസ് മേധാവി വൈസ് പ്രസിഡന്‍റാകണം. ഒരു വൈസ് പ്രസിഡന്‍റ്, എക്സിക്യൂട്ടിവ് സെക്രട്ടറി, കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ പ്രതിനിധികളില്‍നിന്ന് തെരഞ്ഞെടുക്കണം.

എസ്.പി.സി.എ ഘടനയിലോ ചട്ടത്തിലോ മാറ്റം വരുത്താന്‍ മൃഗക്ഷേമ ബോര്‍ഡിന്‍െറ മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍, 2013 ഡിസംബര്‍ 18ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എസ്.പി.സി.എ പ്രസിഡന്‍റായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരെ നിയമിച്ചു. മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ വകുപ്പിനു കീഴില്‍ വരുന്നുവെന്നതാണ് കാരണം പറഞ്ഞത്. കേന്ദ്ര മൃഗക്ഷേമ വകുപ്പ് ഇതു ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാറിനു കത്ത് നല്‍കിയെങ്കിലും ഉത്തരവ് പിന്‍വലിച്ചില്ല.

ജില്ലാ വെറ്ററിനറി ഓഫിസറെ കണ്‍വീനറായി നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ എസ്.പി.സി.എയിലേക്ക് പത്തംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് അധികാരം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത ഇടുക്കി എസ്.പി.സി.എയില്‍ പഴയനില തുടരാന്‍ അനുമതിച്ചു. കൊല്ലത്ത് കോടതി ഉത്തരവിലൂടെയാണ് കലക്ടര്‍ പ്രസിഡന്‍റായി തുടരാന്‍ നിര്‍ദേശിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ പരിധിയില്‍ നഗരപ്രദേശങ്ങള്‍ വരാത്തതിനാല്‍ എസ്.പി.സി.എ പ്രവര്‍ത്തനങ്ങള്‍ ഗ്രാമങ്ങളിലേക്ക് ചുരുങ്ങിയിരുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചുള്ള തെരുവുനായ് നിയന്ത്രണപ്രവര്‍ത്തങ്ങള്‍ക്കും തടസ്സമായി. തെരുവുനായ് കൂടുതലുള്ളതും പൊതുജനങ്ങള്‍ക്ക് ശല്യമായി മാറുന്നതും കോര്‍പറേഷന്‍, മുനിസിപ്പല്‍ പ്രദേശങ്ങളിലാണ്.

പുതിയ ഘടന വന്നതോടെ എസ്.പി.സി.എക്ക് അവിടെങ്ങളില്‍ ഇടപ്പെടാന്‍ കഴിയാതായി. ഇതേസമയം, കലക്ടര്‍ പ്രസിഡന്‍റാണെങ്കില്‍ എക്സിക്യൂട്ടിവ് അധികാരം പ്രയോഗിക്കാന്‍ കഴിയുമെന്നും പറയുന്നു. അധികരമാറ്റത്തോടെയാണ് പല ജില്ലകളിലും എസ്.പി.സി.എ പ്രവര്‍ത്തനം നിലച്ചതത്രേ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.