അഞ്ചുവര്‍ഷം കൊണ്ട് ഹരിത കേരളം- മുഖ്യമന്ത്രി

ന്യൂഡല്‍ഹി: എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ 100 ദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിനെ വിലയിരുത്താന്‍ നൂറുദിനങ്ങള്‍ പര്യാപ്തമല്ല. എന്നാല്‍ സര്‍ക്കാര്‍ സഞ്ചരിക്കുന്ന ദിശ മനസിലാക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കും. ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള അടിയന്തര നടപടികളുമായി  മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇനിയും അതുപോലെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും പിണറായി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ആശ്വാസകരവും കേരള വികസനത്തിന് അടിത്തറയിടുന്നതുമായ പദ്ധതികളാണ് നടപ്പാക്കിയിരിക്കുന്നത്. കേരളത്തിന്‍റെ മുഖഛായ തന്നെ മാറ്റാനുള്ള വിവിധ പരിപാടികള്‍ രൂപം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അതിന് പ്രധാനപ്പെട്ട ഒന്നാണ് മാലിന്യ നിര്‍മാര്‍ജനം. വ്യക്തി ശുചിത്വത്തില്‍ കേരളീയര്‍ തല്‍പരരാണെങ്കിലും മറ്റു മാലിന്യങ്ങള്‍ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്തെ മാലിന്യം നിറഞ്ഞ ജലാശയങ്ങള്‍ ശുദ്ധീകരിച്ച് വീണ്ടെടുക്കാനുള്ള പദ്ധതികള്‍ ആവിഷക്രിക്കും. ആദ്യ ഘട്ടത്തില്‍ കുളങ്ങളും തോടുകളും കനാലുകളും ശുദ്ധീകരിക്കുകയും പിന്നീട് മലിനമായ നദികളും കായലുകളും മാലിന്യം നീക്കം ചെയ്ത് സംരക്ഷിക്കും. ഇതോടൊപ്പം കൃഷിയിടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന ബൃഹത് പദ്ധതിയാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്.

‘പച്ചയിലൂടെ വൃത്തിയിലേക്ക്’ എന്ന ഹരിത കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. ജൈവ കൃഷിയിലൂടെ മാലിന്യ നിര്‍മാര്‍ജനമാണ് ഉദ്ദേശിക്കുന്നത്. പച്ചക്കറി കൃഷിയില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കണം. ഹരിത കേരളത്തിലൂടെ ശുദ്ധവായു, ശുദ്ധജലം, ജൈവ പച്ചക്കറികള്‍ എന്നിവയിലൂടെ സമൃദ്ധമായ കേരളത്തെ വീണ്ടെടുക്കാനാണ് ശ്രമം. സര്‍ക്കാര്‍ പരിപാടിയായല്ല, വന്‍ ജനപങ്കാളിത്തതോടെ ഹരിത കേരളം  പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സന്നദ്ധസംഘനകളുടെയും ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയാണ് മാലിന്യ നിര്‍മാര്‍ജനം നടപ്പാക്കുക. പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക പരിശീലനം നല്‍കിയ കര്‍മ സേനയെ ഇതിനായി രൂപീകരിക്കും.

ഹരിത കേരളത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനുമുള്ള മാസ്റ്റര്‍ പ്ളാനില്‍  ജലാശയങ്ങളുടെ ശുദ്ധീകരണം, മഴവെള്ള സംഭരണം എന്നിവ ഉള്‍പ്പെടുത്തും. പച്ചക്കറി-പഴംകൃഷി വ്യാപിപ്പിക്കാനും, ബദല്‍ ഊര്‍ജ സ്രോതസുകളും കണ്ടത്തൊനും കര്‍മസേനയെ ഉപയോഗപ്പെടുത്തും. പഞ്ചായത്ത്- നഗരസഭകളില്‍ വേസ്റ്റ് മാനേജ്മെന്‍റ് സംവിധാനമുണ്ടാകും. ബയോ വേസ്റ്റ്, പ്ളാസ്റ്റിക്, ഇലക്ട്രോണിക് വേസ്റ്റുകള്‍ പ്രത്യേകം കൈകാര്യം ചെയ്യുന്നതിന് സംവിധാനമൊരുക്കും. രാസകീടനാശിനി ഉപയോഗത്തില്‍  നിന്ന് കൃഷിയെയും ജലസ്രോതസുകളെയും മുക്തമാക്കും. മാലിന്യ നിര്‍മാര്‍ജനത്തില്‍ കമ്പനികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും അവരുടെ ഫണ്ടുകള്‍ ഉപയോഗിക്കാന്‍ സൗകര്യം ചെയ്യും. പരിസ്ഥിതി സൗഹൃദ ടൂറിസത്തെ ഇതുവഴി ഊര്‍ജസ്വലമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂരഹിത-ഭവന രഹിത കുടുംബങ്ങള്‍ക്ക് അഞ്ചു വര്‍ഷംകൊണ്ട് വീട് നല്‍കും. വായ്പയെടുത്ത് വീട് പണി പൂര്‍ത്തിയാക്കാത്തവര്‍ക്കും സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച വീട് നശിച്ചവര്‍ക്കും ഭൂമിയും വീടുമില്ലാത്തവരുമായ ഭവനരഹിതര്‍ക്കും വേണ്ടി സമ്പൂര്‍ണ ഭവന പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. ‘ലൈഫ്’എന്ന പേരിലാണ് ഭവനനിര്‍മാണ പദ്ധതി അറിയപ്പെടുക.സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം പേരാണ് ഭവനരഹിതരായി ഉള്ളത്.

അഞ്ചു വര്‍ഷംകൊണ്ട് ബജറ്റിനു പുറത്ത് 50000 കോടി രൂപ  സമാഹരിക്കും. ഇത് അടിസ്ഥാന സൗകര്യ വികസനം, മൂലധന നിക്ഷേപം തുടങ്ങിയ മേഖലകളില്‍ വിനിയോഗിച്ച് വികസനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രധാനമായും രണ്ട് രീതിയിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നത്. വികസനത്തിനുതകുന്ന ദീര്‍ഘകാല പദ്ധതി, ജനങ്ങള്‍ക്ക് ആശ്വാസരകമാകുന്ന അടിയന്തിര നടപടികളും. ഇതു രണ്ടും ഒരുമിച്ചുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം വിവിധ തരത്തിലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പാക്കും. കടാശ്വാസ പദ്ധതികള്‍, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചത്, അവ വീടുകളിലത്തെിച്ചത് എന്നിവയെല്ലാം സര്‍ക്കാറിന്‍റെ ഇതുവരെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ്.

  • സംസ്ഥാനത്ത് ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ 150 കോടി ചെലവഴിച്ച് ഊര്‍ജസ്വലമാക്കും.
  • സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്ത് ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകര്‍ക്ക് വേണ്ടി കടാശ്വാസ പദ്ധതി  ആവിഷ്കരിക്കും.
  • സംസ്ഥാനത്ത്  3,12,000 പേരാണ് ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹരായിട്ടുള്ളത്. അവരുടെ പെന്‍ഷന്‍ കുടിശ്ശിക വീട്ടിലത്തെിക്കും.
  • പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളില്‍  40 എണ്ണം തുറന്നു പ്രവര്‍ത്തിക്കും. ഇതോടെ  18000 പേര്‍ക്ക് തൊഴില്‍ സൗകര്യം ലഭിക്കും.
  • കാര്‍ഷിക പ്രതിസന്ധി നേരിടാന്‍ 500 കോടിയുടെ പാക്കേജാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.
  • നവംബര്‍ ഒന്നോടെ എല്ലാ വീടുകളിലും ശുചിമുറിയെന്ന പദ്ധതി പൂര്‍ത്തിയാക്കും.
  • അടുത്ത വര്‍ഷം മുതല്‍ എട്ടാംതരം വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം വിതരണം ചെയ്യും. കൈത്തറി മേഖലക്ക് ഉണര്‍വു നല്‍കുന്നതിന്‍റെ ഭാഗമായി കൈത്തറി തുണികൊണ്ടുള്ള യൂനിഫോം വസ്ത്രങ്ങളാണ് നല്‍കുക.
  • സ്വന്തം കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതിയും ആവിഷ്കരിക്കും.
  • മത്സ്യതൊഴിലാളികള്‍ക്ക് കടശ്വാസത്തിന് 50 കോടി വകയിരുത്തിയിട്ടുണ്ട്.
  • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതയില്‍ മൊറട്ടോറിയം പ്രഖ്യാപിക്കും.
  • വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സിവില്‍ സപൈ്ളസ് കോര്‍പറേഷന് 150 കോടി രൂപ നീക്കിവെച്ചു.

അടച്ചുപൂട്ടിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുജീവിപ്പിക്കാനുള്ള നടപടികളും സംസ്ഥാനത്തെ ക്രമസമാധാന ഭദ്രത ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. നീക്കിവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.