തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഓണ്‍ലൈന്‍ പണം തട്ടിപ്പ് കേസില്‍ അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നു. പണം നഷ്ടമായ ചെമ്പഴന്തി സ്വദേശി വിനീതിന് ഇ-കോമേഴ്സ് പോര്‍ട്ടലായ ‘പേ-ടിഎം’ അധികൃതരില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം കൊല്‍ക്കത്ത, ബിഹാര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.
വിനീതിന്‍െറ കനറാബാങ്ക് മെഡിക്കല്‍ കോളജ് ശാഖയിലെ അക്കൗണ്ടില്‍നിന്ന് നഷ്ടമായ 49,213 രൂപ കൊല്‍ക്കത്തയിലേക്കും ബിഹാറിലേക്കും മാറ്റിയെന്നാണ് ‘പേ-ടിഎം‘ അധികൃതരില്‍നിന്ന് ലഭിച്ച വിവരം. ഇക്കാര്യം വിനീത് മെഡിക്കല്‍ കോളജ് പൊലീസിലും കനറാബാങ്ക് ശാഖയിലും അറിയിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. തട്ടിപ്പുകാരന്‍ ‘പേ-ടിഎമ്മി’ല്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ട് വഴിയാണ് പണം കൊല്‍ക്കത്തയിലെ മൂന്ന് ബാങ്ക് അക്കൗണ്ടിലേക്കും ബിഹാറിലെ രണ്ട് ബാങ്ക് അക്കൗണ്ടിലേക്കും മാറ്റിയിട്ടുള്ളത്.
ബിഹാറിലെ പട്നയിലെ ഒരു ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ വിലാസമാണ് പണം തട്ടിയെടുത്ത് മാറ്റിയയാള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വിനീതിന് ലഭിച്ച ഇ-മെയിലില്‍ പറയുന്നു. ‘പേ-ടിഎമ്മി’ല്‍ ഇയാള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും കസ്റ്റമര്‍ ഐ.ഡിയും അധികൃതര്‍ കൈമാറിയിട്ടുണ്ട്.
പണം നഷ്ടമാകുന്നതിന് രണ്ടുദിവസം മുമ്പ് വിനീത് ‘പേ-ടിഎം’ വഴി ഡി.ടി.എച്ച് വരിസംഖ്യ അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് പണം നഷ്ടമായത്. അതേസമയം, തട്ടിപ്പിനിരയായ പ്രവാസി മലയാളി അരവിന്ദന്‍െറ പട്ടം ആക്സിസ് ബാങ്കിലെ അക്കൗണ്ടില്‍നിന്നുള്ള പണം പിന്‍വലിച്ചത് വിദേശത്തുനിന്നാണെന്ന് പൊലീസ് കരുതുന്നു.
രണ്ട് തട്ടിപ്പിന് പിന്നിലും ഒരേ സംഘമാണോ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. വിശദമായ ശാസ്ത്രീയ പരിശോധനക്കുശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താനാകൂവെന്നും പൊലീസ് പറയുന്നു. 52,500 രൂപയാണ് അരവിന്ദിന് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.