അട്ടപ്പാടിയില്‍ പോഷകാഹാര നിര്‍മാണത്തിന് എഫ്.സി.ഐ നല്‍കിയത് പുഴുവരിച്ച ഗോതമ്പ്

അഗളി: ശിശുമരണം തുടര്‍ക്കഥയായ അട്ടപ്പാടിയില്‍ ശിശുക്കള്‍ക്ക് പൂരക പോഷകാഹാരം നിര്‍മിക്കാന്‍ എഫ്.സി.ഐ ഗോഡൗണില്‍ നിന്നത്തെിച്ചത് പുഴുവരിച്ച ഗോതമ്പ്. പാലക്കാട് പുതുപ്പരിയാരത്തെ എഫ്.സി.ഐ ഗോഡൗണില്‍നിന്ന് കൊണ്ടുവന്ന ഒമ്പതര ടണ്‍ ഗോതമ്പാണ് പുഴുവരിച്ച നിലയില്‍ കണ്ടത്തെിയത്. അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കും ആറുമാസം മുതല്‍ മൂന്ന് വയസ്സ് വരെയുള്ള ശിശുക്കള്‍ക്കും പോഷകാഹാരം നിര്‍മിക്കുന്ന പദ്ധതിയിലേക്കുള്ളതാണ് ഈ ഗോതമ്പ്. സംസ്ഥാന സാമൂഹികക്ഷേമ വകുപ്പ് നിര്‍മിച്ച് നല്‍കുന്ന ‘അമൃതം’ എന്ന പേരിലുള്ള സമ്പൂര്‍ണ ആരോഗ്യ ആഹാരം നിര്‍മിക്കാനാണ് ഗോതമ്പ് കൊണ്ടുവന്നത്. അട്ടപ്പാടി ബ്ളോക്കില്‍ ഈ പൂരക പോഷകാഹാരം നിര്‍മിക്കുന്നത് കുടുംബശ്രീ യൂനിറ്റായ ‘തേജസാ’ണ്.

അഗളി പഞ്ചായത്തിലെ താവളത്താണ് അമൃതം നിര്‍മിക്കുന്ന യൂനിറ്റുള്ളത്. ഇതിനടുത്തുള്ള സ്വകാര്യ മുറിയില്‍ സെപ്റ്റംബര്‍ 20ന് വൈകീട്ട് നാലോടെയാണ് എഫ്.സി.ഐ ഗോഡൗണില്‍നിന്ന് ഗോതമ്പ് കൊണ്ടുവന്നത്. വ്യാഴാഴ്ച രാവിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഗോതമ്പെടുക്കാനത്തെിയപ്പോഴാണ് പുഴുവരിക്കുന്നത് കണ്ടത്. 2013ല്‍ പാക്ക് ചെയ്ത ഗോതമ്പ് ചാക്കുകളാണ് എഫ്.സി.ഐ ഇറക്കിയിരിക്കുന്നത്. അട്ടപ്പാടിയിലെ ഐ.സി.ഡി.എസ് അതികൃതരെ വിവരമറിയിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ സ്ഥലത്തത്തെി സ്ഥിതിഗതികള്‍ അന്വേഷിച്ചു.

എം.എല്‍.എ ബന്ധപെട്ട അധികാരികളെ വിളിച്ചതിന്‍െറ അടിസ്ഥാനത്തില്‍ വൈകുന്നേരത്തോടെ ഗോതമ്പ് തിരിച്ച് പാലക്കാട് ഗോഡൗണിലേക്ക് എത്തിക്കാന്‍ എഫ്.സി.ഐ അധികാരികള്‍ കുടുബശ്രീക്കാര്‍ക്ക് നിര്‍ദേശം നല്‍കി.അട്ടപ്പാടിയില്‍ ശിശുമരണങ്ങളും അനീമിയ പോലുള്ള രോഗങ്ങളും നിലനില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തതില്‍ പ്രതിഷേധം വ്യാപകമാണ്. എഫ്.സി.ഐ അധികൃതര്‍ സ്ഥലത്ത് എത്താതിരുന്നതും എതിര്‍പ്പിന് ആക്കം കൂട്ടി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.