സി.പി.എമ്മിനെ കേരളത്തില്‍ പാഠം പഠിപ്പിക്കും –രാജഗോപാല്‍

കോഴിക്കോട്: ബംഗാളില്‍നിന്ന് സി.പി.എമ്മുകാര്‍ പാഠം പഠിച്ചില്ളെങ്കില്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് ഒ. രാജഗോപാല്‍ എം.എല്‍ എ.  ബി.ജെ.പി ദേശീയസമ്മേളന നഗരിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ കൗണ്‍സില്‍ കേരളത്തില്‍ നടക്കുന്നത് ബി.ജെ.പിയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടും. പാര്‍ട്ടി വളരുമ്പോള്‍ ചിലര്‍ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിക്ക് കേരളത്തില്‍ സ്കോപ് ഇല്ളെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ചില തടസ്സങ്ങള്‍ ഉണ്ടെന്നത് ശരിയാണ്.

അതിവേഗം അത് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ആറും എല്‍.ഡി.എഫിന് മൂന്നും ശതമാനം വോട്ട് കുറഞ്ഞപ്പോള്‍ ബി.ജെ.പിയുടേത് ഏഴില്‍നിന്ന് പതിനഞ്ചായി . കണ്ണൂരില്‍ സി.പി.എം ഏകപക്ഷീയമായ ആക്രമണമാണ് നടത്തുന്നതെന്ന് രാജഗോപാല്‍ ആരോപിച്ചു. മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ വന്നശേഷം അക്രമം വര്‍ധിച്ചിരിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ പൗരാവകാശം പറയുന്ന സി.പി.എമ്മിന് കേരളത്തില്‍ ഫാഷിസ്റ്റ് ശൈലിയാണെന്നും അദ്ദേഹം ആരോപിച്ചു.

പി.പി. മുകുന്ദന്‍ പടിക്ക് പുറത്തുതന്നെ; രാമന്‍ പിള്ളക്ക് അവസാനം ക്ഷണം

 മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍െറ അടിയന്തരാവസ്ഥക്കാലത്തെ ജയില്‍വാസം ബി.ജെ.പി നേതൃത്വം മാനിച്ചില്ളെന്ന് ആരോപണം. ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്‍െറ ഭാഗമായി  അടിയന്തരാവസ്ഥയില്‍ പീഡിതരായവരെ ആദരിക്കുന്ന പരിപാടിയില്‍ മുകുന്ദനെ   ക്ഷണിക്കാത്തതാണ് വിവാദമായത്.അടിയന്തരാവസ്ഥയില്‍ ഏറെ തടവനുഭവിച്ച നേതാവാണ് മുകുന്ദന്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25നാണ് ജയിലിലായത്. അടിയന്തരാവസ്ഥ പിന്‍വലിച്ച് മൊറാര്‍ജി ദേശായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമായിരുന്നു  മോചനം. ആര്‍.എസ്.എസിന്‍െറ തൃശൂര്‍ ജില്ലാ പ്രചാരകനായി പ്രവര്‍ത്തിക്കവെയായിരുന്നു ജയിലിലായത്.

കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് ശനിയാഴ്ചയാണ് അടിയന്തരാവസ്ഥ പോരാളികളടക്കമുള്ളവരെ ആദരിക്കുന്ന പരിപാടി. ദേശീയ പ്രസിഡന്‍റ് അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും  പങ്കെടുക്കുന്ന ചടങ്ങ് രാത്രി എട്ടിന് തളി സാമൂതിരി സ്കൂളിലാണ്. മോഡിക്കൊപ്പം ബി.ജെ.പി സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് പി.പി. മുകുന്ദന്‍.  ഇടക്കാലത്ത് സജീവപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്ന മുകുന്ദന്‍ തിരിച്ചുവരവിന് ആഗ്രഹം പ്രകടിപ്പിച്ചിട്ടും സ്ഥിതിഗതികള്‍ അനുകൂലമായിട്ടില്ല.  ബി.ജെ.പിയിലേക്ക് തിരിച്ചുവരാന്‍ സന്നദ്ധനായ മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ. രാമന്‍പിള്ളയെയും സംഘാടകര്‍ പരിഗണിച്ചിരുന്നില്ളെങ്കിലും മുകുന്ദന്‍െറ വിഷയം വിവാദമായതോടെ പിള്ളയെ ആദരിക്കല്‍ സമ്മേളനത്തിന് ക്ഷണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.