തിരുവനന്തപുരം: മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഈ മാസം 26ന് ആരംഭിക്കും. രാവിലെ 10 മുതൽ www. iffk.in വെബ്സൈറ്റ് വഴിയാണ് ഡെലിഗേറ്റ് പാസിനായി അപേക്ഷിക്കേണ്ടത്.
പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. വിദ്യാർഥികൾക്കും ഓഫ്ലൈൻ രജിസ്റ്റർ ചെയ്യാം. 1500 വിദ്യാർഥികൾക്കാണ് പ്രവേശനം.
മാർച്ച് 18ന് നിശാഗന്ധിയിൽ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും എട്ട് ദിവസത്തെ മേളയിൽ 14 തിയറ്റുകളിലായി 180 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇത്തവണയും മത്സരചിത്രങ്ങൾ വിദേശ ജൂറികൾ ഓൺലൈനായിട്ടായിരിക്കും കാണുക.
ഇന്ത്യൻ ജൂറികൾ തിയറ്റുകളിലെത്തിയും മത്സരചിത്രങ്ങൾ വിലയിരുത്തും. 5000 പാസുകൾ വിതരണം ചെയ്യും. മാനദണ്ഡങ്ങളിൽ ഇളവുണ്ടായാൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ പുനരാരംഭിക്കുമെന്ന് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ അറിയിച്ചു. മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപ്പെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് മേളയുടെ സംഘാടക സമിതി ഉദ്ഘാടനം ചെയ്യവെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു.
2015ൽ തുർക്കിയിലെ പൊതുതെരഞ്ഞെടുപ്പിനിടെ ഐസിസ് തീവ്രവാദികളുടെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട മിഡിൽ ഈസ്റ്റ് സിനിമ അക്കാദമി പ്രവർത്തക ലിസ കലാലിനെ ഐ.എഫ്.എഫ്.കെയിൽ ആദരിക്കും.
ഹോമേജ് വിഭാഗത്തിൽ ബുദ്ധദേവ് ദാസ് ഗുപ്ത, ദിലീപ് കുമാർ, ലത മങ്കേഷ്കർ, കെ. സേതുമാധവൻ, പി. ബാലചന്ദ്രൻ, മാടമ്പ് കുഞ്ഞുകുട്ടൻ, ഡെന്നീസ് ജോസഫ്, നെടുമുടി വേണു, കെ.പി.എ.സി ലളിത എന്നിവരുടെ സിനിമകൾ പ്രദർശിപ്പിക്കും. ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജ് 26ാമത് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാൻ, ബര്‍മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.