പത്തനംതിട്ട: പുല്ലാട് കേന്ദ്രമായുള്ള ജി ആൻറ് ജി ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേന്ദ്ര എജൻസികൾ അന്വേഷിക്കണമെന്ന് ജി ആന്റ് ജി ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉടമകൾ പല സംസ്ഥാനങ്ങളിലും വിവിധ തരത്തിൽ പണം നിക്ഷേപിച്ചതായി സംശയിക്കുന്നു. കേന്ദ്ര ഏജൻസികൾക്ക് മാത്രമേ ഈ സാമ്പത്തിക തട്ടിപ്പ് പുറത്ത് കൊണ്ടുവരുവാൻ സാധിക്കൂ.
തെള്ളിയൂർ ശ്രീരാമ സദനത്തിൽ ഗോപാലക്യഷ്ണൻനായരും മകന് ഗോവിന്ദ് ജി. നായരും മാത്രമാണ് പൊലീസിൽ കീഴടങ്ങിയിട്ടുള്ളത്. പ്രധാന സൂത്രധാരകയായ സിന്ധു വി. നായരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരാണ് തെളിവ് നശിപ്പിക്കലിനും ഉന്നതാധികാരികളെ സ്വാധീനിക്കലിനും ചുക്കാൻ പിടിക്കുന്നത്. സിന്ധുവിന്റെയും മറ്റൊരു പ്രതിയായ മരുമകൾ ലക്ഷ്മിയുടെയും മുൻകൂർ ജാമ്യാപേക്ഷ മാർച്ച് 14 ന് ഹൈകോടതി തള്ളിയിട്ടും ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. ഇവർക്ക് ഉന്നത തലത്തിലുള്ള ബന്ധങ്ങൾ വ്യക്തമാണ്. ബഡ്സ് കോടതിയിലൂടെ നിക്ഷേപകരുടെ പണം വേഗത്തിൽ തിരികെ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം 5000 ത്തോളം നിക്ഷേപകരും അവരുടെ കുടുംബാംഗങ്ങളും പാർലമെൻറ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോകും. വ്യാഴാഴ്ച കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കും.
5000 പേരുടെ നിക്ഷേപമാണ് ഉടമസ്ഥരായ ഗോപാലകൃഷ്ണൻ നായർ, ഭാര്യ സിന്ധു, മകൻ ഗോവിന്ദ്, മരുമകൾ ലക്ഷ്മി എന്നിവർ ചേർന്ന് കവർന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള നിക്ഷേപകരിൽ തൊഴിലുറപ്പുകാരും പാൽ വിറ്റ് ജീവിച്ചിരുന്ന നിർധനരായവരും ഉൾപ്പെടുന്നു.
800 കോടി രൂപക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പാണ് നടന്നത്. സഹോദരന്റെ സ്ഥാപനം ഒന്നര വർഷം മുമ്പ് നിക്ഷേപകരെ വഞ്ചിച്ചു പൂട്ടിയതിനാൽ തന്ത്രപരമായി ഈ സ്ഥാപനത്തിന്റെ പേര് ജി ആന്റ് ജി ഫിനാൻസിയേഴ്സ് എന്നപേരിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷം തങ്ങൾ സർക്കാർ അംഗീകാരങ്ങൾക്കും റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കും വിധേയമായിട്ടാണ് നിക്ഷേപം സ്വീകരിക്കുന്നതെന്നും അനേക സ്ഥലങ്ങളിൽ വിലകൂടിയ വസ്തു വകകൾ, സമൂഹത്തിലെ പ്രമുഖരുടെ നിക്ഷേപങ്ങൾ, സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും മറ്റും ഉണ്ടെന്ന് വിശ്വസിപ്പിച്ച് കബളിപ്പിക്കുകയായിരുന്നു.
ഇവരുടെ സ്ഥാവരജംഗമ വസ്തുക്കൾ, സ്വർണം, വെള്ളി, ഓട്ടു പാത്രങ്ങൾ, നിലവിളക്കുകൾ, വിലകൂടിയ കാറുകൾ മുതലായവ വിൽക്കുകയും വിറ്റു കിട്ടിയ തുക മുഴുവനായി വിദേശത്തേക്ക് കടത്തുകയും ചെയ്തിട്ടുണ്ട്.
പ്രധാന പ്രതികളിലൊരാളായ സിന്ധു വി. നായരുടെ സഹോദരി സാൻഫ്രാൻസിസ്കോയിലും മരുമകൾ ലക്ഷ്മിയുടെ കുടുംബം ബഹറിനിൽ വ്യവസായികളുമാണെന്ന് അറിയുന്നു.
നിക്ഷേപകർ പല രീതിയിലുള്ള പരാതികൾ പൊലീസ് സ്റ്റേഷനിലും മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി, കലക്ടർ എന്നിവർക്ക് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ എ.കെ. എബ്രഹാം, സുരേഷ്കുമാർ ചെങ്ങന്നൂർ, ശാന്തമ്മ കുറിയന്നൂർ, ഡെയ്സി സജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.