തൃശൂർ: ലൈസൻസ് റദ്ദായതിനെത്തുടർന്ന് സമീപത്തെ റേഷൻ കടകളോട് കൂട്ടിച്ചേർത്ത് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 399 റേഷൻ കടകൾ. ഇവക്ക് ലൈസൻസ് നൽകാൻ പൊതുവിതരണ വകുപ്പ് നടപടി ആരംഭിച്ചു. സ്വകാര്യവ്യക്തികളേക്കാൾ പൊതുമേഖലക്ക് പ്രാധാന്യം നൽകിയാണ് ലൈസൻസ് നൽകുക. കുടുംബശ്രീ പോലുള്ള വനിത കൂട്ടായ്മകൾ, സഹകരണ സൊസൈറ്റികൾ തുടങ്ങിയവക്ക് പരിഗണന ലഭിക്കും.
എസ്.സി, എസ്.ടി വിഭാഗത്തിലുൾപ്പെട്ടവർക്ക് രണ്ട് ശതമാനം മുൻഗണനയും നൽകും. റേഷൻവ്യാപാരികളുടെ സമരമാണ് തീരുമാനത്തിന് വകുപ്പിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ നവംബർ ആദ്യം തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിങ് ഒാഫിസ് പരിധിയിൽ സെക്രട്ടറിയേറ്റിന് സമീപം പുളിമൂടിൽ 119ാം നമ്പർ റേഷൻ കട ഇത്തരത്തിൽ സപ്ലൈകോ ഏറ്റെടുത്തിരുന്നു. അനന്തരാവകാശികൾ ഇല്ലാത്തതിനാൽ ലൈസൻസ് റദ്ദായ കടയാണ് ഏറ്റെടുത്തത്. പരീക്ഷണം വിജയിച്ചതോടെയാണ് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. അന്ന് ഒരു വിഭാഗം റേഷൻ വ്യാപാരികൾ സമരവുമായി രംഗത്തുവന്നിരുന്നു.
നേരത്തേയും കുടുംബശ്രീക്ക് റേഷൻകട നൽകുന്നത് സംബന്ധിച്ച് സർക്കാർ പഠനം നടത്തിയിരുന്നു. എന്നാൽ, റേഷൻ വ്യാപാരി സംഘടനകളുടെ സമ്മർദത്തിന് മുന്നിൽ പിന്തിരിയേണ്ടി വരികയായിരുന്നു. സൗജന്യ പോര്‍ട്ടബിലിറ്റി സംവിധാനം വന്നതോടെ റേഷന്‍കടയുടെ പ്രാദേശിക പ്രാതിനിധ്യം അപ്രസക്തമായിട്ടുണ്ട്. ഇതിനാൽ കൂടുതൽ സ്ഥലങ്ങളിൽ സപ്ലൈകോ റേഷൻകടകൾ വരുന്നതോടെ വ്യാപാരി സമരങ്ങളെ നേരിടാനാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.