കാടുനാടായാലും മൃഗങ്ങൾ-പ്രത്യേകിച്ച് ആനകൾക്കത് വീടുതന്നെയാണ്. അതുകൊണ്ടാണ് അവർ ഇടക്കിടെ അവരുടെ 'വീട്ടിലേ'ക്കു വരുന്നത്. തലമുറകൾ കഴിഞ്ഞാലും ആനകൾ വീട്ടിലേക്കുള്ള വഴി മറക്കാറില്ലെന്നാണ് പഠനം. ആനത്താരകൾ പലതും കൃഷിയിടങ്ങളായതും സംഘർഷം വർധിക്കാൻ കാരണമായിട്ടുണ്ട്.
അനേക കാലമായി ആനകൾ സഞ്ചരിച്ചിരുന്ന താരകൾ പലയിടത്തും പട്ടണങ്ങളായി മാറിയിട്ടുണ്ട്. ആനത്താരകൾ ഓർത്തെടുക്കാനും അതിലൂടെ സഞ്ചരിക്കാനുമുള്ള പ്രത്യേക കഴിവ് ആനകൾക്കുണ്ട്. അതുകൊണ്ടാണ് പല മലയോര പട്ടണങ്ങളിലും ഇടക്കിടെ ആനക്കൂട്ടം ഇറങ്ങുന്നത്.
വനവിസ്തൃതി കുറയുന്ന സാഹചര്യവും ജനവാസ മേഖല വനത്തിനുള്ളിലേക്കു വളരുന്നതും മാത്രമല്ല; ഇരതേടിയിറങ്ങുന്നതും ജനത്തിെൻറ ഉറക്കം നഷ്ടപ്പെടുത്തുകയാണ്. കൂട്ടത്തോടെയുള്ള കുടിയേറ്റം ആരംഭിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
കൃഷിയിൽ വന്ന മാറ്റങ്ങൾ പ്രശ്നത്തിെൻറ രൂക്ഷത വർധിപ്പിച്ചു. വാഴയും കരിമ്പുമെല്ലാം കൃഷി ചെയ്തതോടെ ആനകൾ എളുപ്പം കിട്ടുന്ന തീറ്റ തേടി കൃഷിയിടങ്ങളിൽ ഇറങ്ങുന്നതു പതിവായി.
കർഷകരും വന്യജീവികളും ശത്രുക്കളായി എന്നതാണ് ഇതിെൻറ ഫലം. തങ്ങളുടെ കൃഷി നശിപ്പിക്കുന്ന ആനകൾ തങ്ങളുടെ ജീവിതം തന്നെയാണു നശിപ്പിക്കുന്നതെന്നു കർഷകർ കണ്ണീർ വാർക്കുന്നു. കാടും നാടും തമ്മിലെ അതിർവരമ്പ് നേർത്തു വന്നതാണ് പ്രശ്നം. ഇക്കാര്യത്തിൽ ഒരു തിരിച്ചുപോക്ക് അസാധ്യമായതിനാൽ ആനകൾ ഇനിയും നാട്ടിലിറങ്ങുമെന്നുറപ്പ്.
കൃഷിയിൽ വന്ന മാറ്റങ്ങൾ പ്രശ്നത്തിെൻറ രൂക്ഷത വർധിപ്പിച്ചിരിക്കുകയാണ്. കാലാവസ്ഥ മാറ്റം കാട്ടിലെ വാസത്തിെൻറ സുഖം കുറച്ചതും വന്യമൃഗങ്ങളുടെ നാട്ടിലേക്കുള്ള വരവിന് ആക്കം കൂട്ടുന്നു. കർഷകരും വന്യജീവികളും തീർത്തും ശത്രുക്കളായി എന്നതാണ് ഇതിെൻറ ഫലം.
15 വർഷത്തിനിടെ പൊലിഞ്ഞത് 42 ജീവൻ
15 വർഷത്തിനിടെ ഹൈറേഞ്ചിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ 42 പേരാണ് മരിച്ചത്. എല്ലാ ദിവസവും ആനയും കാട്ടുപോത്തും കാട്ടുപന്നികളും കുരങ്ങും കർഷകരുടെ ഹെക്ടർ കണക്കിന് കൃഷിയാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷി ഉപേക്ഷിച്ച് പ്രദേശത്തുനിന്ന് പലായനം ചെയ്യേണ്ട ഗതികേടിലാണ് പലരും. ഹൈറേഞ്ച് മേഖലയിലും അതിർത്തി പ്രദേശങ്ങളിലുമാണ് വന്യമൃഗശല്യം രൂക്ഷം. മൂന്നാർ, മറയൂർ, ചിന്നക്കനാൽ, ഉടുമ്പൻചോല, നെടുങ്കണ്ടം, വണ്ടൻമേട്, വണ്ടിപ്പെരിയാർ മേഖലകളിൽ കാട്ടാന, പുലി, കാട്ടുപന്നി, കടുവ എന്നിവയുടെ നിരന്തര ആക്രമണമാണ്. ആക്രമണമുണ്ടാകുേമ്പാൾ മാത്രം വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ച് പോകുമെന്നല്ലാതെ നടപടിയൊന്നുമെടുക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
പന്തവും പാട്ടകൊട്ടലും പഴങ്കഥ
ആക്രമണകാരികളായ കാട്ടാനകളെ ഉൾപ്പടെ നിയന്ത്രിക്കുന്നതിന് സർക്കാർ കൈക്കൊണ്ടതോ കർഷകരുടെ സ്വയം പ്രതിരോധമോ ഒന്നും ഫലപ്രദമാകാത്തതാണ് മുഖ്യപ്രശ്നം.
പന്തവും കല്ലും പാട്ടകൊട്ടലും മുതൽ തേനീച്ചക്കൂടും കടുവഗർജനവും വരെ പ്രയോഗിച്ചിട്ടും ആനകളുടെ വിരുന്ന് വരവിനു തടയിടാനായിട്ടില്ല. പന്തം കത്തിച്ചും പാട്ടകൊട്ടിയുമാണു ആനകളെ തുരത്താൻ വർഷങ്ങളായി കർഷകർ പ്രയോഗിച്ച മാർഗം. കണ്ടും കേട്ടും പരിചിതമായ തീയും ശബ്ദവുമൊന്നും ഇപ്പോൾ ആനകൾക്ക് വിഷയമല്ലെന്നതാണ് സ്ഥിതി.
ചില ആനകളാകട്ടെ വിരട്ടൽ കണക്കിലെടുക്കുന്നില്ലെന്ന് മാത്രമല്ല വെളിച്ചം കാണുകയും ശബ്ദം കേൾക്കുകയും ചെയ്യുന്ന ദിശ നോക്കി പാഞ്ഞടുക്കുകയുമാണ്. ഏറുമാടങ്ങൾ കെട്ടി രാത്രി കാവലിരുന്നു വിള സംരക്ഷിക്കുകയാണ് ഉള്ളതിൽ ഏറ്റവും ഫലപ്രദമായ മാർഗം. എന്നാൽ, കാവലിരിക്കാൻ തൊഴിലാളികളെ കിട്ടുക എളുപ്പമല്ലാത്തതും വന്യമൃഗങ്ങൾ വിരട്ടലിന് വിധേയമാകുന്നത് കുറവെന്നതും മെനക്കടുന്നതിെൻറ ഫലം കുറക്കുന്നു. ജൈവവേലി നിർമിച്ച് ആനകളുടെ സഞ്ചാരം തടയുന്നതാണു മറ്റൊരു മാർഗം. കള്ളിമുൾ ചെടികളും മറ്റും കൃഷിയിടങ്ങളുടെ അതിരുകളിൽ നട്ടാൽ ഒരു പരിധിവരെ ആനകളുടെ വരവു തടയാൻ കഴിയും.
തേനീച്ചക്കൂടുകൾ വനാതിർത്തിയിൽ സ്ഥാപിച്ച് ആനകളെ അകറ്റി നിർത്താൻ കഴിയുമെന്നു പറയുന്നുണ്ടെങ്കിലും പൂർണ വിജയമല്ലെന്നാണ് അനുഭവം. കടുവയുടെ ഗർജനം റെക്കോഡ് ചെയ്തു കേൾപ്പിക്കുന്നത് ആനകളെ ഭയപ്പെടുത്തുമെന്നു പറയുന്നു. പലയിടത്തും ഇതു പരീക്ഷിച്ചിട്ടുമുണ്ട്. എന്നാൽ, ഇതും അത്രക്കങ്ങ് ഫലപ്രദമല്ല. കാട്ടാനകൾ നാട്ടിലിറങ്ങുന്നത് എന്നന്നേക്കുമായി ഇല്ലാതാക്കാൻ കഴിയുമെന്ന ചിന്ത വേണ്ട. ഈ നാട് പണ്ട് അവരുടെ വീടായിരുന്നു. വീട്ടിലേക്കുള്ള വഴി മനുഷ്യരെപ്പോലെ തന്നെയാണ് ആനകളും മറക്കില്ല. തിരിച്ചുപോയാലും അവ വീണ്ടും വരും.
നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ചു കാട്ടിലേക്കുവിടാൻ വേണ്ടത്ര പരിചയമുള്ള ജീവനക്കാരോ താപ്പാനകളോ വനംവകുപ്പിനില്ല. ഇതിനായി പലപ്പോഴും തമിഴ്നാടിനെയും കർണാടകയെയും ആശ്രയിക്കേണ്ടി വരും. ആനത്താരകളുടെ നഷ്ടമാണു പ്രശ്നം വഷളാക്കുന്നതെന്നും വെറ്ററിനറി വിഭാഗം വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.