റേഷന്‍ വ്യാപാരികള്‍ക്ക് 428 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: റേഷന്‍ വിതരണരംഗത്തെ കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും തടയിടാന്‍ പാക്കേജുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ്. ഭക്ഷ്യഭദ്രത നിയമപ്രകാരം റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ വ്യാപാരികള്‍ക്കും സഹായികള്‍ക്കും വേതനമായി പ്രതിവര്‍ഷം 428 കോടിയുടെ പാക്കേജാണ് തയാറാക്കിയിരിക്കുന്നത്. വ്യാപാരികള്‍ക്ക് കമീഷന്‍ നിരക്കിലുള്ള വര്‍ധന, ഇന്‍സെന്‍റിവ്, കാര്‍ഡ് കുറവുള്ള റേഷന്‍ ഡിപ്പോകള്‍ക്ക് സപോട്ട് പേമെന്‍റ്, ഇടക്കാല ആശ്വാസം തുടങ്ങിയവയാണ്  പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഫയല്‍ ധനവകുപ്പിന് കൈമാറി. വെള്ളിയാഴ്ച ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റില്‍ പാക്കേജിന് ആവശ്യമായ തുകയുംകൂടി വകയിരുത്തുമെന്നാണ് വിവരം.

നവംബര്‍ ഒന്നുമുതല്‍ ഭക്ഷ്യഭദ്രത നിയമം നിലവില്‍ വന്നതോടെ റേഷന്‍ വ്യാപാരികള്‍ക്കും സഹായികള്‍ക്കും പര്യാപ്തമായ വേതനം നല്‍കണമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.ലോറികളില്‍ ജി.പി.എസും കടകളില്‍ ഇ-പോസ് (ഇലക്ട്രോണിക് പോയന്‍റ് ഓഫ് സെയില്‍) സംവിധാനവും ഏര്‍പ്പെടുത്തുന്നതിന് പുറമെ വ്യാപാരികള്‍ക്ക് മാന്യമായ വേതനംകൂടി നല്‍കുന്നതോടെ കരിഞ്ചന്തക്ക് തടയിടാമെന്ന നിഗമനത്തിലാണ് ഭക്ഷ്യവകുപ്പ്.
ഭക്ഷ്യഭദ്രത നിയമപ്രകാരം റേഷന്‍വ്യാപാരികള്‍ക്ക് നല്‍കേണ്ട വേതനം സംബന്ധിച്ച് പഠിക്കാന്‍ കഴിഞ്ഞ ഡിസംബര്‍ 30നാണ് സിവില്‍ സപൈ്ളസ് ഡയറക്ടര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.

സംസ്ഥാനത്ത് ആകെ 14,419 റേഷന്‍ കടയാണ് ഉള്ളത്. പുതിയ പാക്കേജ് പ്രകാരം 350വരെ റേഷന്‍ കാര്‍ഡുള്ളവ ക്ളാസ് -I, 351 മുതല്‍ 600 വരെ കാര്‍ഡുള്ളവ ക്ളാസ് -II, 601 മുതല്‍ 2,200വരെ കാര്‍ഡുള്ളവ ക്ളാസ് -III എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ക്ളാസ് ഒന്നില്‍ വരുന്നവക്ക് ഒരു ക്വിന്‍റല്‍ ഭക്ഷ്യധാന്യത്തിന് 180 രൂപയും ക്ളാസ് രണ്ടിന് 140 രൂപയും ക്ളാസ് മൂന്നിന് 100 രൂപയുമാണ് കമീഷന്‍ ഇനത്തില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. നേരത്തേ ഒരു ക്വിന്‍റല്‍ ഭക്ഷ്യധാന്യം വില്‍ക്കാന്‍ 89 രൂപയാണ് റേഷന്‍ വ്യാപാരികള്‍ക്ക് ലഭിച്ചിരുന്നത്. ഇതിനുപുറമെ മൂന്ന് ക്ളാസുകള്‍ക്കും  6000, 4000, 2000 എന്നിങ്ങനെ സപോട്ട് പേമെന്‍റും നിര്‍ദേശിച്ചിട്ടുണ്ട്.

പാക്കേജ് പ്രകാരം 350 കാര്‍ഡുള്ള വ്യാപാരിക്ക് സപോട്ട് പേമെന്‍റും കമീഷനും ഇ-പോസ് വഴിയുള്ള വിതരണവുമടക്കം പരമാവധി ലഭിക്കുന്ന വേതനം 19,700 രൂപയായിരിക്കും. എന്നാല്‍, ഇവര്‍ക്ക് സഹായിക്കുള്ള വേതനം നല്‍കില്ല. 600 കാര്‍ഡുള്ള ക്ളാസ് രണ്ടില്‍ ഉള്‍പ്പെടുന്ന ഡിപ്പോള്‍ക്ക് പരമാവധി ലഭിക്കുന്ന തുക 25,600 ഉം ക്ളാസ് മൂന്നില്‍ ഉള്‍പ്പെട്ടവര്‍ക്ക് 28,000 രൂപക്കും മുകളിലും പ്രതിമാസ വേതനം ലഭിക്കും. 

കമീഷന്‍ വര്‍ധന
ക്ളാസ് ഒന്നിന് 180 രൂപയും ക്ളാസ് രണ്ടിന്140 രൂപയും ക്ളാസ് മൂന്നിന് 100 രൂപ നിരക്കിലും ഒരു കിന്‍്വറല്‍ ഭക്ഷ്യധാന്യത്തിന് കമീഷന്‍ ലഭിക്കും. റേഷന്‍ പഞ്ചസാരക്ക് കി.ഗ്രാമിന് 15 പൈസയാണ് വ്യാപാരികള്‍ക്ക് കമീഷന്‍. ഇത് 65 പൈസയാക്കും. മണ്ണെണ്ണക്ക് ലിറ്ററിന് 21 പൈസയാണ് നിലവില്‍ കമീഷന്‍. ഇത് 50 പൈസയാക്കും. പാക്കേജ് ധനവകുപ്പ് അംഗീകരിക്കുകയാണെങ്കില്‍ പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില്‍പനവിലയും ആനുപാതികമായി ഉയരും.

ഇന്‍സെന്‍റിവ്
ഇ- പോസ് മുഖേനയുള്ള റേഷന്‍ സാധനങ്ങളുടെ വിതരണത്തിന് കാര്‍ഡൊന്നിന് പരമാവധി രണ്ടുതവണ വില്‍പന എന്ന കണക്കില്‍ ഓരോ വില്‍പനക്കും എട്ടുരൂപ പ്രകാരം ഇന്‍സെന്‍റിവ് നല്‍കും. (രണ്ടില്‍ കൂടുതല്‍ തവണ റേഷന്‍ നല്‍കേണ്ടിവന്നാല്‍ രണ്ടുതവണക്കു മാത്രമേ ഇന്‍സെന്‍റിവ് അനുവദിക്കൂ). ഇത് എല്ലാ ക്ളാസിനും ബാധകമായിരിക്കും.

സപോട്ട് പേമെന്‍റ്
കൈകാര്യം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ അളവില്‍ കുറവുള്ളതും റേഷന്‍ കാര്‍ഡിന്‍െറ എണ്ണത്തില്‍ കുറവുള്ളതുമായ റേഷന്‍ വ്യാപാരികള്‍ക്ക് 6000, 4000, 2000 രൂപ ക്രമത്തില്‍  മിനിമം സപോട്ട് പേമെന്‍റ്.

ഇടക്കാലാശ്വാസം
നവംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 31വരെ വ്യാപാരികള്‍തന്നെ റേഷന്‍ സാധനങ്ങള്‍ എഫ്.സി.ഐയില്‍നിന്ന് എടുക്കുന്നതിനാല്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ വാതില്‍പ്പടി വിതരണത്തിനുള്ള ട്രാന്‍സ്പോര്‍ട്ട് ചാര്‍ജായി 30 മുതല്‍ 50 രൂപവരെ ഇടക്കാലാശ്വാസം.

 

Tags:    
News Summary - 428 crores package for ration shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.