കൊച്ചി: സംസ്ഥാനത്ത് വന്യജീവികളും മനുഷ്യനും തമ്മിലെ സംഘർഷം തടയുന്നതിന് പുതിയ കർമപദ്ധതിയുമായി വനം-വന്യജീവി വകുപ്പ്. വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് തടയാൻ വ്യത്യസ്ത വകുപ്പുകളുടെയും ഏജൻസികളുടെയും സഹായത്തോടെ 645 കോടിയുടെ പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളത്. വിവിധ ജില്ലകളിൽ വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവി ആക്രമണം അടിക്കടി ആവർത്തിക്കുന്ന സാഹചര്യത്തിലാണിത്.
വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദേശപ്രകാരം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എ.പി.സി.സി.എഫ്) തയാറാക്കി സമർപ്പിച്ച സമഗ്ര പദ്ധതിക്ക് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകി. ആദ്യഘട്ടം എന്ന നിലയൽ കിഫ്ബി വഴി 110 കോടിയും നബാർഡ് വഴി 73.89 കോടിയും അനുവദിച്ചു.
മുമ്പ് ഇതേ ആവശ്യത്തിന് അഞ്ചുവർഷ കാലയളവിലേക്ക് 620 കോടിയുടെ പദ്ധതി നേരത്തേ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ, ഇതിന് അംഗീകാരം ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സ്വന്തം നിലക്ക് കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാനം ഒരുങ്ങുന്നത്.
നിലവിലെ പദ്ധതികൾ തുടരുന്നതിനൊപ്പമാണ് പുതിയവ ഏറ്റെടുത്ത് നടപ്പാക്കുകയെന്ന് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജെ. ജസ്റ്റിൻ മോഹൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
സംസ്ഥാന പദ്ധതികൾ വഴി 77.31 കോടിയുടെയും റീബിൽഡ് കേരള വഴി 83 കോടിയുടെയും കൃഷി വകുപ്പ് വഴി 13.54 കോടിയുടെയും ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി 11 കോടിയുടെയും പ്രവർത്തനങ്ങളാണ് പ്രധാനമായും നടപ്പാക്കുക. കിഫ്ബി വഴിയുള്ള 110 കോടിയുടെ പദ്ധതിയുടെ ഡി.പി.ആർ തയാറായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹായവും പ്രതീക്ഷിക്കുന്നതായും പരമാവധി മൂന്നുവർഷത്തിനകം പദ്ധതികൾ പൂർത്തിയാക്കുമെന്നും ജസ്റ്റിൻ മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.