കോഴിക്കോട്: നിപ രണ്ടുപേരുടെ ജീവനപഹരിച്ചെങ്കിലും വൈറസ് ബാധിതരിൽ നിന്ന് വലിയ ശുഭസൂചനകൾ. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള നാലുപേരുടെയും ആരോഗ്യനിലയിൽ നല്ല പുരോഗതിയാണുള്ളത്. അതിഗുരുതരാവസ്ഥയിലായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒമ്പതുവയസ്സുകാരനെ കഴിഞ്ഞ ദിവസം ഉച്ചയോടെ വെന്റിലേറ്ററിൽനിന്ന് മാറ്റി. ശ്വാസതടസ്സം രൂക്ഷമാവുകയും അപസ്മാരമടക്കം വന്ന് ബോധക്ഷയമുണ്ടാവുകയും ചെയ്തതോടെയാണ് ഈ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നത്. ഇപ്പോൾ ഓക്സിജൻ ചെറിയ അളവിൽ നിൽക്കുന്നുവെന്നും പരിചരിക്കുന്നവർ പറയുന്നത് കുട്ടിക്ക് മനസ്സിലാവുന്നുണ്ടെന്നും ചികിത്സക്ക് മേൽനോട്ടം വഹിക്കുന്ന ആസ്റ്റർ മിംസിലെ ഫിസിക്കൽ കെയർ മെഡിസിൻ ഡയറക്ടർകൂടിയായ ഡോ. എ.എസ്. അനൂപ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. കുട്ടിയുടെ ശ്വാസതടസ്സത്തിൽ വലിയ കുറവുണ്ട്. കൈകാലുകൾ ഇളക്കുകയും കണ്ണുകൾ തുറന്നുനോക്കുന്നുമുണ്ട്. അതേസമയം, കുട്ടി വ്യക്തമായി സംസാരിക്കാൻ തുടങ്ങിയിട്ടില്ല.
കുട്ടിക്കൊപ്പംതന്നെ ചികിത്സയിലുള്ള 25കാരനും പനി പൂർണമായും ഭേദമായി. നിലവിൽ ചെറിയതോതിലുള്ള ചുമ മാത്രമേയുള്ളൂ. നിപയെ തുടർന്ന് ആഗസ്റ്റ് 30ന് മരിച്ച കുറ്റ്യാടി കള്ളാട് സ്വദേശി മുഹമ്മദലിയുടെ മകനും ഭാര്യാസഹോദരനുമായ ഇരുവരുടെയും സ്രവ സാമ്പിളുകൾ വീണ്ടും ഉടൻ പരിശോധിക്കും. പി.സി.ആർ പരിശോധന പോസിറ്റിവ് ആയാലും ശരീരത്തിൽ വൈറസ് സാന്നിധ്യമുണ്ടെന്ന് പറയാനാവില്ലെന്നും രോഗലക്ഷണങ്ങൾ ഇല്ലാതാവുന്നതുതന്നെ വൈറസിന്റെ സാന്നിധ്യം ശരീരത്തിൽനിന്നൊഴിയുന്നു എന്നാണ് ശാസ്ത്രീയമായി വിശദീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പിന്തുടരുന്ന മാർഗങ്ങളനുസരിച്ച് കണക്കാക്കുകയെന്നും ചികിത്സിക്കുന്ന ഡോക്ടർ വ്യക്തമാക്കി.
വൈറസ് ബാധിച്ച് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകനും വലിയ പുരോഗതിയുണ്ട്. ഇദ്ദേഹത്തിന്റെ രോഗലക്ഷണങ്ങളിൽപോലും വലിയ മാറ്റമുണ്ട്. മുഹമ്മദലിയുമായി സമ്പർക്കം പുലർത്തിയ ആളാണ് ഈ 24കാരൻ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ചെറുവണ്ണൂർ സ്വദേശിയായ 39കാരനും രോഗ തീവ്രതയിൽ വലിയ വ്യത്യാസമായി. മുഹമ്മദലി ചികിത്സക്കെത്തിയപ്പോൾ മറ്റൊരു രോഗിക്കൊപ്പം ആശുപത്രിയിലെത്തിയ ആളാണ് ഇദ്ദേഹം. ചികിത്സയിലുള്ളവരുടെ ആരോഗ്യ നില പൊതുവേ തൃപ്തികരമാണെന്ന് അവലോകന യോഗശേഷം ആരോഗ്യമന്ത്രി വീണ ജോർജും വ്യക്തമാക്കി. അതിനിടെ മരിച്ച മുഹമ്മദലിയുടെ ബന്ധുക്കൾ, മയ്യിത്ത് കുളിപ്പിച്ചവർ, ഖബറടക്കം നടത്തിയവർ എന്നിവരടക്കമുള്ളവരുടെ പരിശോധന ഫലങ്ങൾ നെഗറ്റിവായതും വലിയ ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.