തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതും കൂട്ടിവായിക്കാൻ അറിയാത്തവർക്ക് പോലും എ പ്ലസ് ലഭിക്കുന്നുവെന്നതും അടക്കമുള്ള പരാമർശങ്ങൾ വ്യക്തിപരമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്‍റെ വിശദീകരണം. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വകുപ്പിന്‍റെയോ സർക്കാറിന്‍റെയോ നയം എന്ന നിലയിൽ യോഗത്തിൽ ഒരു പരാമർശവും നടത്തിയിട്ടില്ല.
എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കാൻ വകുപ്പിലെ അധ്യാപകർ മാത്രം പങ്കെടുത്ത ശിൽപശാലയിലായിരുന്നു പരാമർശങ്ങൾ. തീരുമാനങ്ങൾ എന്ന നിലക്കല്ല പറഞ്ഞത്. വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ് ചെയ്തത്. അത് ആരോ ഫോണിൽ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സർക്കാർ നയത്തെയോ മൂല്യ നിർണയ രീതിയേയോ തരം താഴ്ത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വിശദീകരണത്തിലുണ്ട്.
നവംബർ 22 മുതൽ എസ്.സി.ഇ.ആർ.ടിയിൽ നടന്ന ശിൽപശാലയുടെ ഉദ്ഘാടന സെഷനിലായിരുന്നു വിവാദ പരാമർശങ്ങൾ. ഇക്കാര്യം പുറത്തുവന്നതോടെ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടിയിരുന്നു. പ്രസംഗം റെക്കോഡ് ചെയ്ത് ചോർത്തിയത് സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനും മന്ത്രി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.