പാലാ: നഗരസഭ യോഗത്തിൽ ഭരണകക്ഷി കൗൺസിലർമാർ തമ്മിൽ കൈയാങ്കളി. കേരളാ കോൺഗ്രസ് എം, സി.പി.എം കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്റ്റാൻഡിങ് കമ്മിറ്റി കൂടുന്നതിലെ തർക്കം നിലനിൽക്കുന്നതിനിടെയാണ് അടിപിടിയിൽ കലാശിച്ചത്.
പാലാ ടൗണിൽ ഒാട്ടോ സ്റ്റാൻഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയം സി.പി.എം കൗൺസിലറായ ബിജു പുളിക്കകണ്ടം നഗരസഭ യോഗത്തിൽ ഉന്നയിച്ചിരുന്നു. ഇതിനെ കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ എതിർക്കുകയായിരുന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.
കൈയാങ്കളിയിൽ ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്. മറ്റ് കൗൺസിലർമാർ ഇടപെട്ട് രംഗം ശാന്തമാക്കി. കുറേ ദിവസമായി എൽ.ഡി.എഫ് ഘടകകക്ഷികൾക്കിടയിൽ നിലനിന്ന തർക്കമാണ് പൊട്ടിത്തെറിയിലെത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളാ കോൺഗ്രസ് എം-സി.പി.എം കൗൺസിലർമാർ തമ്മിലുള്ള കൈയാങ്കളി പ്രതികൂലമായി ബാധിക്കുമോ എന്നാണ് ആശങ്ക. എൽ.ഡി.എഫിന് വേണ്ടി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയാണ് പാലായിൽ മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ മാണി സി. കാപ്പനാണ് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.