തൃശൂര്‍: കേരളത്തിലെ റെയില്‍ ഗതാഗതശേഷി വര്‍ധിപ്പിക്കാൻ ബൃഹത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മംഗളൂരു മുതല്‍ കന്യാകുമാരി വരെ റെയിൽപാത ഇരട്ടിപ്പിക്കുമെന്നും 35 റെയില്‍വേ സ്റ്റേഷനുകള്‍ പൂര്‍ണമായി നവീകരിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തൃശൂരിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പുതുക്കിനിർമിക്കുന്ന തൃശൂർ റെയിൽവേ സ്റ്റേഷന്റെ അന്തിമ രൂപരേഖ വിലയിരുത്താനും പരിശോധനകൾക്കും എത്തിയതായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി. മംഗളൂരു മുതല്‍ ഷൊര്‍ണൂര്‍ വരെ മൂന്നും നാലും പാതകള്‍ നിര്‍മിക്കും. ഷൊര്‍ണൂര്‍ മുതല്‍ കന്യാകുമാരി വരെ വിവിധ ഘട്ടങ്ങളായി മൂന്നാം പാതയും നിര്‍മിക്കും. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവയുമായുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താന്‍ ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാതയിലും മൂന്നും നാലും റെയില്‍പാതകള്‍ നിര്‍മിക്കും. നിലവില്‍ പുരോഗമിക്കുന്ന പാത ഇരട്ടിപ്പിക്കലിനായി 460 ഹെക്ടര്‍ ഭൂമിയാണ് വേണ്ടത്.
ഇതുവരെ 63 ഹെക്ടര്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ആവശ്യമായതിന്റെ 14 ശതമാനം മാത്രമാണിത്. ഭൂമി ഏറ്റെടുക്കലിന് കേന്ദ്രം 2100 കോടി രൂപ സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ കേരളത്തിലെ റെയില്‍ ഗതാഗതത്തിന്റെ വേഗം വര്‍ധിപ്പിച്ചു. ഷൊര്‍ണൂര്‍-എറണാകുളം പാത ഒഴിച്ച് മറ്റു ഭാഗങ്ങളില്‍ മണിക്കൂറില്‍ വേഗം 100 കിലോമീറ്ററായും ചിലയിടങ്ങളില്‍ 110 കിലോമീറ്ററായുമായാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് വികസിപ്പിക്കുന്ന 35 സ്റ്റേഷനുകളിലൊന്നാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍. തൃശൂര്‍ സ്റ്റേഷൻ വികസനത്തിന് 393 കോടി രൂപ അനുവദിച്ചു.
10 വര്‍ഷം മുമ്പ് റെയില്‍വേ വികസനത്തിന് ബജറ്റ് വിഹിതമായി 370 കോടിയാണ് കേരളത്തിന് ലഭിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അത് 3000 കോടി രൂപയായി വര്‍ധിപ്പിച്ചുവെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് 12.45ന് പ്രത്യേക ട്രെയിനിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗവുമായ വി. മുരളീധരന്‍, ബി.ജെ.പി ദേശീയ സമിതി അംഗവും റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസ്, ബി.ജെ.പി തൃശൂര്‍ ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. അതേസമയം, ഡല്‍ഹിയില്‍ ഔദ്യോഗിക പരിപാടിയിലായതിനാല്‍ കേന്ദ്രമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപി പരിപാടിയില്‍ സംബന്ധിച്ചില്ല.
കേരളത്തില്‍ ട്രെയിനുകളുടെ എണ്ണം പ്രത്യേകിച്ച് മെമു ട്രെയിനുകള്‍ വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചു. ഇതിനായി കവച് സംവിധാനം (ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള സാങ്കേതികവിദ്യ) അനുവദിക്കുന്നതില്‍ കേരളത്തിന് മുന്‍ഗണന നല്‍കും. കവച് വന്നാല്‍ കൂടുതല്‍ മെമു ട്രെയിനുകള്‍ അനുവദിക്കാന്‍ സാധിക്കും.
എറണാകുളം-ആലപ്പുഴ പാതയില്‍ വന്ദേഭാരത് എക്സ്പ്രസ് കാരണം മറ്റു യാത്രാ ട്രെയിനുകള്‍ വൈകുന്ന പ്രശ്‌നം പരിഗണിക്കാന്‍ റെയില്‍വേ മന്ത്രാലയം. വിഷയത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുമായി റെയിൽവേ ചര്‍ച്ച നടത്തും. വന്ദേഭാരത് ആവശ്യമില്ലെന്ന നിർദേശം അവര്‍ മുന്നോട്ടുവെച്ചാല്‍ കോട്ടയം വഴി തിരിച്ചുവിടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.