കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കേണ്ടെന്ന് ആം ആദ്മി പാർട്ടിയും ട്വന്‍റി 20 പാർട്ടിയും തീരുമാനിച്ചു. നിലവിൽ ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമില്ലാത്ത സാഹചര്യത്തിലാണ് സ്ഥാനാർഥിയെ മൽസരിപ്പിക്കേണ്ടെന്ന് തീരുമാനിക്കാൻ കാരണമെന്ന് ആം ആദ്മി ദേശീയ നിരീക്ഷകൻ എൻ. രാജ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന ഭരണത്തെ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നതെന്നും ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്നും ട്വന്റി 20 പാർട്ടി ചീഫ് കോർഡിനേറ്റർ സാബു ജേക്കബും വ്യക്തമാക്കി.
ഈ മാസം 15ന് ദേശീയ കൺവീനർ അരവിന്ദ് കെജ് രിവാൾ കേരളത്തിൽ സന്ദർശനം നടത്തുന്നുണ്ട്. തൃക്കാക്കരയിൽ ആർക്ക് പിന്തുണ നൽകണമെന്ന് അന്ന് ആം ആദ്മി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് സംബന്ധിച്ച് പാർട്ടിക്ക് പ്രഖ്യാപിത നയമുണ്ടെന്ന് കേരള കൺവീനർ പി.സി സിറിയക് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ സാധാരണ മൽസരിക്കാറില്ല. ഉപതെരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ സീറ്റുകൾ ലഭിച്ചിട്ട് ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്താൻ സാധിക്കില്ല. പൊതുതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണ് ലക്ഷ്യമെന്നും പി.സി. സിറിയക് വ്യക്തമാക്കി.
വരുന്ന നിയമസഭ, ലോക്സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റിലും എ.എ.പി മൽസരിക്കും. ജനങ്ങളുടെ മനസിൽ പാർട്ടിയുണ്ടെന്ന് സർവേകളിലൂടെ വ്യക്തമായിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പി.സി. സിറിയക് കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാക്കാനാകില്ലെന്ന കേരള ഘടകത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി സ്ഥാനാർഥിയെ നിർത്തേണ്ടെന്ന തീരുമാനത്തിൽ ആം ആദ്മി കേന്ദ്ര നേതൃത്വം എത്തിച്ചേർന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അരവിന്ദ് കെജ് രിവാളിന് കേരള ഘടകം കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു.
ആം ആദ്മി പാർട്ടി പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇത് പ്രതിഫലനം കേരള രാഷ്ട്രീയത്തിലും കണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ സംഘടനാ സംവിധാനം ദുർബലമായ തൃക്കാക്കരയിൽ ട്വന്‍റി 20യുടെ പിന്തുണയുണ്ടെങ്കിലും 20,000തോളം വോട്ട് ലഭിക്കാനെ സാധ്യതയുള്ളു. ഇത് ആം ആദ്മി പാർട്ടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും കേരള ഘടകം ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയമായി ഒരുതരത്തിലും പ്രധാന്യമില്ലാത്ത ഉപതെരഞ്ഞെടുപ്പിന്‍റെ മത്സരരംഗത്തു നിന്നും വിട്ടുനില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ട്വന്‍റി 20 പാര്‍ട്ടിയുടെ തീരുമാനം. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഈ മാസം 15ന് കൊച്ചിയിലെത്തുന്നുണ്ട്. അന്നു വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ട്വന്‍റി 20യും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും സാബു ജേക്കബ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.