കൊച്ചി: ആം ആദ്മി പാർട്ടിയിൽ ജനാധിപത്യം ഇല്ലാതായെന്നും സ്വേച്ഛാധിപത്യവും സ്വജനപക്ഷപാതവുമാണ് പാർട്ടിയെ നയിക്കുന്നതെന്നും ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ്, ട്രഷറർ ഉൾെപ്പടെയുള്ളവർ രാജിവെച്ചു. വൈസ് പ്രസിഡൻറ് ടി. ശ്രീധരനുണ്ണി, ട്രഷറർ ബി.എം സാദിഖ് ലുഖ്മാൻ, പരാതി പരിഹാര സമിതി പ്രസിഡൻറ് പ്രഫ. ലസ്ലി പള്ളത്ത് തുടങ്ങിയവരാണ് ദേശീയ നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. ഇവർ പ്രാഥമിക അംഗത്വത്തിൽനിന്ന് ഒഴിഞ്ഞിട്ടുമുണ്ട്.
തുടക്കകാലത്ത് ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ജനങ്ങളെ നേരിട്ട് കാണാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ സംസ്ഥാന നേതാക്കൾക്കുപോലും ദേശീയ നേതാക്കളെയൊന്നും കാണാൻപോലും കഴിയുന്നില്ലെന്ന് രാജിവെച്ചവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തുടക്കത്തിൽ സാധാരണക്കാരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകിയിരുന്ന പാർട്ടി നേതൃത്വം നിലവിൽ രാഷ്ട്രീയ നേട്ടങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. കെജ്രിവാളിന്റെ വീട് കോടികൾ ചെലവഴിച്ച് മോടി പിടിപ്പിച്ചത് അംഗീകരിക്കാനാവില്ല.
ഡൽഹി സർക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് കേസുകളും നടപടികളും പ്രവർത്തകരിൽ പാർട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തി.
എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ സംസ്ഥാന ജനറൽ സെക്രട്ടറി സ്വജനപക്ഷപാതപരമായ ഇടപെടലുകൾ നടത്തുകയും ഇതിനെല്ലാം പ്രസിഡൻറ് കൂട്ടുനിൽക്കുകയും ചെയ്തു. അതൃപ്തരായ സംസ്ഥാന ഭാരവാഹികളുൾെപ്പടെ നിരവധിപേർ രാജിക്കൊരുങ്ങുന്നതായും ശ്രീധരനുണ്ണി, സാദിഖ് ലുഖ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.