സ്‌നേഹനിധിയായ വലിയ ഇടയന്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയെ കണ്ടു സഹായങ്ങള്‍ക്കായി എത്തുന്നവരെയെല്ലാം നേരില്‍ കാണുന്നില്ലെങ്കിലും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് സഹായങ്ങള്‍ ചെയ്യാന്‍ ബാവ തൻെറ ഓഫീസിലുളളവരോട് നിര്‍ദേശിച്ചിട്ടുണ്ട്. ചികിത്സാ സഹായത്തിനും വീട് നിര്‍മ്മാണത്തിനും വിവാഹ സഹായത്തിനുമായി എത്തുന്ന എല്ലാവരെയും മലങ്കരസഭയുടെ വലിയ ഇടയന്‍ തന്നാല്‍ കഴിയുന്ന വിധം ചേര്‍ത്തു നിര്‍ത്തും. നിർധന കര്‍ഷക കുടുംബത്തില്‍ ജനിച്ച ബാവായ്ക്ക് സാധാരണക്കാരൻെറ പ്രയാസങ്ങള്‍ വേഗം മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. തൻെറ കൈയിലുളള പണം സഭയുടെതാണെന്നും അത് സഭയുടെ നന്മയ്ക്കും മനുഷ്യരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണെന്നും ഉളള വീക്ഷണമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കു വേണ്ടി ചെയ്യുന്ന സാമ്പത്തിക സഹായങ്ങള്‍ ആരും അറിയരുതെന്ന് ആത്മാര്‍തമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. സെറിബ്രല്‍ പാള്‍സി ബാധിച്ച കോഴിക്കോട് സ്വദേശി അനുഗ്രഹിൻെറയും സഹപാഠി ബിസ്മിയുടെയും അപൂര്‍വ്വ സൗഹൃദത്തിൻെറ കഥ മാധ്യമങ്ങളില്‍ കൂടെ കേട്ടറിഞ്ഞ പരിശുദ്ധ ബാവ അവരെ കാണാന്‍ പോയതും സഹായങ്ങള്‍ നല്‍കിയതുമെല്ലാം ആ വലിയ ഇടയനു സമൂഹത്തോടുളള കരുതലിൻെറ ഉദാഹരണമാണ്.

ബാവായുടെ നിര്‍ദ്ദേശപ്രകാരം സഭയുടെ മാനവശാക്തീകരണ വിഭാഗവും ഐക്കണ്‍ ചാരിറ്റീസും സംയുക്തമായി ചേര്‍ന്ന് എല്ലാ വര്‍ഷവും 600ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് 70 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നു. കൊല്ലം നല്ലിലയില്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത റോജി റോയി എന്ന പെണ്‍കുട്ടിയുടെ ബധിരരും മൂകരുമായ മാതാപിതാക്കളുടെ ആജീവനാന്ത സംരക്ഷണത്തിനായി ഐക്കണ്‍ ചാരിറ്റീസിൻെറ സഹകരണത്തോടെ ബാങ്കില്‍ 16 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയതും അദ്ദേഹത്തിൻെറ നിര്‍ദ്ദേശപ്രകാരമാണ്.

ബാവാ തിരുമേനി മുന്‍കൈയെടുത്തു ആരംഭിച്ചതാണ് സ്‌നേഹസ്പര്‍ശം കാന്‍സര്‍ കെയർ പദ്ധതി. കാൻസർ ബാധിതരുടെ പരിപാലനത്തിനായി ആരംഭിച്ച ഈ പദ്ധതിയിലൂടെ വർഷം 100ൽ പരം ആളുകൾക്ക് സഹായം ലഭിക്കുന്നു. നിര്‍ധനരായ നിരവധി കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാണ് ഈ പദ്ധതി. ഡയാലിസിസ് ആൻഡ് ലിവർ ട്രാൻസ്പ്ലാേൻറഷൻ പദ്ധതിയായ സഹായ ഹസ്തത്തിലൂടെ നിരവധി രോഗികൾക്ക് സഹായം എത്തിക്കുന്നു.

കർഷകരുടെ ഉന്നമനത്തിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികൾ ആവഷ്കരിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. പ്രകൃതി സംരക്ഷണ ആവശ്യകത തിരിച്ചറിഞ്ഞ തിരുമേനി സഭാ വക പുരയിടങ്ങളിൽ വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കാൻ അഹ്വാനം ചെയ്തു.

സാമ്പത്തിക പ്രയാസം നേരിടുന്ന സഭയിലെ വിധവകൾക്ക് പ്രതിമാസ പെൻഷൻ നൽകുകയും കോവിഡ് ബാധിച്ച് മരിച്ച സഭാംഗങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു. അനേകരുടെ കണ്ണീരൊപ്പിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ജീവിതം യഥാർത്ഥ ക്രൈസ്തവ സാക്ഷ്യത്തിെൻറ പ്രതിബിംബമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.