കൊച്ചി: മെഡിക്കൽ ഓഫിസർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണമുയർന്ന കേസിലെ ഇടനിലക്കാരൻ അഖിൽ സജീവിനെതിരെ വീണ്ടും പരാതി. നോർക്ക റൂട്ട്സിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ ഇയാൾ തന്നിൽ നിന്ന് കൈപ്പറ്റിയെന്ന് ആരോപിച്ച് കൊച്ചിയിലെ അഭിഭാഷകനായ ശ്രീകാന്ത് രംഗത്തെത്തി. നേരത്തേ സി.ഐ.ടി.യു പത്തനംതിട്ട ജില്ല ഓഫിസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവിനെതിരെ താൻ സി.പി.എമ്മിന് പരാതി നൽകിയതോടെയാണ് തൽസ്ഥാനത്തുനിന്ന് മാറ്റിയതെന്നും പരാതി നൽകിയതിനെത്തുടർന്ന് തുക തിരികെ നൽകിയെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
ഭാര്യക്ക് ജോലി നൽകുന്നതിന് 10 ലക്ഷം രൂപയാണ് അഖിൽ ആവശ്യപ്പെട്ടത്. അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് മുഖേന അഡ്വാൻസായി നൽകി. 2019 ലായിരുന്നു സംഭവം. അന്ന് അഖിൽ സി.ഐ.ടി.യു ജില്ല ഓഫിസ് സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ പിടിപാടുള്ളയാളെന്ന് വിശേഷിപ്പിച്ച പത്തനംതിട്ടയിലെ പ്രാദേശിക നേതാവിനെ കാണിച്ചായിരുന്നു നിയമന വാഗ്ദാനം നൽകിയത്. പിന്നീട് ഇതുസംബന്ധിച്ച് പാർട്ടിയിൽ പരാതിപ്പെട്ടപ്പോൾ തുക ഒരു മാസത്തിനുള്ളിൽ തിരിച്ചുനൽകണമെന്ന് നേതൃത്വം നിർദേശിച്ചു. എന്നാൽ, 2022 മേയ് ആയപ്പോഴാണ് പലതവണയായി തുക മുഴുവൻ തിരിച്ചു നൽകിയതെന്നും ശ്രീകാന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, താൻ പരാതി നൽകിയ സി.പി.എമ്മിന്റെ സംസ്ഥാന നേതാവ് ആരാണെന്ന് ശ്രീകാന്ത് വ്യക്തമാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.