അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെ കർശന നടപടി വരുന്നു; സത്യവാങ്മൂലം വാങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ തടയാൻ വിദ്യാഭ്യാസവകുപ്പ് കർശന നടപടികളിലേക്ക്. സ്വകാര്യ ട്യൂഷൻ എടുക്കുന്നില്ലെന്ന് അധ്യാപകരിൽനിന്ന് ഈ വർഷം മുതൽ സത്യവാങ്മൂലം വാങ്ങുന്നത് ആലോചനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി അധ്യയന വർഷാരംഭത്തിന് മുന്നോടിയായി വിളിച്ചുചേർത്ത വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗം ഉദ്ഘാടനം ചെയ്യവെ മന്ത്രി പറഞ്ഞു. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ ഗൗരവമായാണ് കാണുന്നത്.

രണ്ടുതരം കുട്ടികളെ സൃഷ്ടിക്കുന്ന പ്രവർത്തനമാണ് ഇത്തരം അധ്യാപകർ നടത്തുന്നത്. ഈ നിയമവിരുദ്ധ പ്രവർത്തനം പൊതുവിദ്യാഭ്യാസ നിലവാരം തകരുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ ക്ലാസെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ അധ്യാപർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിജിലൻസ് വിഭാഗം ഉൾപ്പെടെ വ്യാപക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയത്തിൽനിന്ന് 2200ഉം ഹയർ സെക്കൻഡറി മൂല്യനിർണയത്തിൽനിന്ന് 1508ഉം അധ്യാപകർ കാരണമറിയിക്കാതെ വിട്ടുനിൽക്കുന്നുണ്ട്. രണ്ട് വിഭാഗത്തിലുമായി 3708 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദേശിച്ചു. വകുപ്പിനെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന നടപടി വെച്ചുപൊറുപ്പിക്കില്ല.

സ്കൂളുകളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ സമയബന്ധിത നിയമനത്തിന് വിദ്യാഭ്യാസ ഓഫിസർമാർ മുൻകൈയെടുക്കണം. ഭിന്നശേഷി സംവരണ ഉത്തരവ് വരുന്നതിന് മുമ്പ് നടത്തിയ നിയമനങ്ങൾക്ക് സ്കൂളുകൾ തുറക്കുംമുമ്പ് അംഗീകാരം നൽകണം. ബാലിശവാദങ്ങൾ ഉന്നയിച്ച് ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പെടെ തടഞ്ഞുവെക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Action against teachers private tuition; Affidavit will be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.