തിരുവനന്തപുരം: കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് വിദ്യാഭ്യാസവകുപ്പ് നീക്കം തുടങ്ങി. 5000ത്തോളം അധ്യാപകർ വാക്സിനെടുത്തില്ലെന്നാണ് മന്ത്രി വി. ശിവൻകുട്ടി വെളിപ്പെടുത്തിയത്.
ചില അധ്യാപകർ ആരോഗ്യപ്രശ്നങ്ങൾ പറയുന്നുണ്ടെങ്കിലും കൂടുതൽ പേരും മതിയായ കാരണമില്ലാത്തവരാണെന്നാണ് വിലയിരുത്തൽ. ദുരന്തനിവാരണ വകുപ്പുമായി ആലോചിച്ച് വകുപ്പുതല നടപടി ആലോചനയിലാണ്. വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടിയെടുക്കാനുള്ള സാധ്യതയാണ് ആരായുന്നത്.
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിെൻറ തൊട്ടുമുമ്പായി നടത്തിയ വിവരശേഖരണത്തിൽ 2282 അധ്യാപകരും 327 അനധ്യാപകരും വാക്സിൻ എടുത്തില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് പുറത്തുവന്ന കണക്കുകൾ പ്രകാരം അയ്യായിരത്തോളം പേരുണ്ടെന്നാണ് സൂചന.
സ്കൂൾ പ്രവർത്തനസമയം ഡിസംബർ രണ്ടാം വാരം വൈകുന്നേരം വരെയാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് നീക്കം തുടങ്ങിയത്.
വിദ്യാർഥികളുമായി ആഴ്ചയിൽ ആറ് ദിവസവും സമ്പർക്കം പുലർത്തുന്ന അധ്യാപകർ ബോധപൂർവം വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത് സർക്കാറിെൻറ കോവിഡ് പ്രതിരോധത്തെ തുരങ്കംവെക്കുന്നതാണെന്ന വിലയിരുത്തലുമുണ്ട്. ചില അധ്യാപകർ വാക്സിൻ വിരുദ്ധ പ്രചാരകരാകുന്നെന്ന പരാതിയും വിദ്യാഭ്യാസവകുപ്പിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.