തിരുവനന്തപുരം: മലയാള സിനിമയുടെ 'കാരണവർ' നടൻ ജി.കെ. പിള്ള (97) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 329ലേറെ ചിത്രങ്ങളിൽ വേഷമിട്ട ജി.കെ. പിള്ള വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. 23 മെഗാസീരിയലുകളിലും അഭിനയിച്ചു. ഉറച്ച കോൺഗ്രസുകാരനായിരുന്ന ഇദ്ദേഹം സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. വൈകിട്ട് ആറോടെ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വർക്കലയിൽ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപ്പിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി. കേശവപിള്ള എന്ന ജി.കെ. പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്കൂളിലായിരുന്നു വിദ്യാഭ്യാസം.
പതിനാലാം വയസ്സിൽ സ്വാതന്ത്ര്യസമരത്തിന് ഇറങ്ങി പുറപ്പെട്ടു. പിന്നീട് വീട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് ഒളിച്ചോടി പട്ടാളത്തില്‍ ചേർന്നു. 13 വർഷം സൈനികസേവനം അനുഷ്ഠിച്ചു. സ്വാതന്ത്ര്യാനന്തരം വർഗീയകലാപങ്ങളിൽ മരിച്ചുവീണ മനുഷ്യരെ എടുത്തുമാറ്റാനും ലഹളക്കാരെ അടിച്ചമർത്താനും 1948ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ നിയോഗിക്കപ്പെട്ടവരിൽ ജി.കെയും ഉണ്ടായിരുന്നു.
നടൻ പ്രേംനസീറുമായി കുട്ടിക്കാലം മുതലുള്ള അടുപ്പമാണ് സിനിമയിലെത്തിച്ചത്. 1954ൽ സ്നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിനയജീവിതം ആരംഭിച്ചത്. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്നാപക യോഹന്നാൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. അടൂർ ഗോപാലകൃഷ്ണെൻറ സ്വയംവരത്തിൽ അസിസ്റ്റന്റ് സംവിധായകനായും പ്രവർത്തിച്ചു. 2005മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'കുങ്കുമപ്പൂവ്' എന്ന സീരിയലിൽ അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.
15 വർഷം എക്സ് സർവിസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഉൽപലാക്ഷിയമ്മ. മക്കൾ: പ്രതാപചന്ദ്രൻ (യു.കെ), കലാ രാമചന്ദ്രൻ, ലേഖ മോഹൻ, കുമാരി, ചന്ദ്രമോഹൻ നായർ, പ്രിയദർശൻ. മരുമക്കൾ: ശ്രീകലാ മോഹൻ, ശ്രീരേഖ പ്രിയദർശൻ, മേഴ്സി മാത്യു, കെ.ജി. മോഹൻ, രാമചന്ദ്രൻ നായർ, ഹരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.