'ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം' - ഗോൾ‌വാൾക്കർ വിഷയത്തിൽ നടൻ ഹരീഷ് പേരടി

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടെ (ആർ.‌ജി‌.സി‌.ബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ കാമ്പസിന് ആർ.എസ്.എസ് നേതാവ് എം‌.എസ്​. ഗോൾ‌വാൾക്കറുടെ പേര് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ചലച്ചിത്രതാരം ഹരീഷ് പേരടി. 'ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം...'; എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.

Full View

ഇന്ത്യ ഇൻറര്‍നാഷനല്‍ സയന്‍സ് ഫെസ്റ്റിവലി‍ന്‍റെ (ഐ.ഐ.എസ്.എഫ്) ആതിഥേയ സ്ഥാപനമായ ആർ.‌ജി‌.സി‌.ബിയില്‍ നടന്ന ആമുഖ സമ്മേളനത്തില്‍ നല്‍കിയ വിഡിയോ സന്ദേശത്തിലാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹർഷ് വർധൻ ഇക്കാര്യമറിയിച്ചത്. അന്തരിച്ച എം.എസ്. ഗോൾവാൾക്കർ ആർ.‌എസ്‌.എസിൻെറ രണ്ടാമത്തെ സർസംഘചാലക് ആയിരുന്നു. 'ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷനല്‍ സെന്‍റർ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍' എന്നാണ് ഇത് അറിയപ്പെടുക.

പേരിടാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. ഗോൾവാൾക്കറുടെ പേര് നൽകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന് കത്തയച്ചു. അന്താരാഷ്ട്രതലത്തിൽ പ്രശസ്തനാ‍യ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേര് നൽകാമെന്ന അഭിപ്രായമാണ് സംസ്ഥാനത്തിന് ഉള്ളതെന്നും നിലവിലെ തീരുമാനം പുന:പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ഗോൾവാൾക്കറെപ്പോലെ വർഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച ഒരു വ്യക്തിയുടെ പേര് ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് നൽകുന്നത് അനുചിതമാണെന്ന് മുഖ്യമന്ത്രി പിന്നീട് ഫേസ്ബുക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. വർഗീയതയിൽ ഊന്നിയ വെറുപ്പിന്‍റെ വിചാരധാരയല്ല, മറിച്ച് സ്വതന്ത്രചിന്തയുടെ മാതൃകയായി മാറിയ വ്യക്തികളുടെ ചരിത്രമായിരിക്കണം അത്തരമൊരു സ്ഥാപനത്തിനു പ്രചോദനമാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയത പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോൾവാൾക്കറിന് ശാസ്‍ത്രവുമായി എന്താണ് ബന്ധമുള്ളതെന്ന് ശശി തരൂർ എം.പി ചോദിച്ചു. മതത്തിന് ശാസ്ത്രത്തിന് മേൽ മേധാവിത്വം വേണമെന്ന പരാമർശത്തിന്‍റെ പേരിലാണ് ഗോൾവാൾക്കർ ഓർമിക്കപ്പെടേണ്ടതെന്നും ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

ഗോള്‍വാള്‍ക്കര്‍ ഏറ്റവും വലിയ വര്‍ഗീയവാദിയാണെന്നും പേരിടൽ നീക്കത്തെ എതിര്‍ക്കുമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു.

ഇടത്തരം വന്‍കിട സാങ്കേതിക നൂതന കേന്ദ്രമായിരിക്കും രണ്ടാമത്തെ കാമ്പസ്. കോശ-സൂക്ഷ്മാണു അധിഷ്ഠിത ചികിത്സ ഗവേഷണത്തിനാവശ്യമായ അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രമാവുമാണിത്. അര്‍ബുദ ഔഷധങ്ങളുടെ പരിശോധന, രോഗപ്രതിരോധ ചികിത്സ ഗവേഷണം, സ്​റ്റെംസെല്‍ മാറ്റി​െവക്കല്‍, ജീന്‍ ചികിത്സ, സൂക്ഷ്മാണു അവസ്ഥയിലുള്ള അര്‍ബുദം കണ്ടെത്തലും വിശകലനവും തുടങ്ങിയവ ഇവിടെയുണ്ടാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.