കേരളത്തിൽ ബി.ജെ.പി വിടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ തന്‍റെ നിലപാട് പറഞ്ഞ് നടനും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കൃഷ്ണകുമാർ. താന്‍ ആദര്‍ശം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും പാര്‍ട്ടിയെപറ്റി മോശം പറയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പാർട്ടി പരിപാടിയിൽ കസേര കിട്ടിയില്ല എന്ന് പരാതിെപ്പട്ടതായി വന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. ബി.ജെ.പി വിടേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ തനിക്കില്ല. ആരുമായും വ്യക്തിപരമായ പ്രശ്‌നങ്ങളും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബി.ജെ.പി വിടേണ്ട ഒരു സാഹചര്യവും എനിക്കില്ല. 2021ലാണ് ഞാന്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അടിസ്ഥാനപരമായി മൂന്ന് കാരണങ്ങള്‍കൊണ്ടാണ് ഒരാൾ പാര്‍ട്ടിയിലേക്ക് വരുന്നത്. ഒന്ന്, ആവശ്യങ്ങള്‍ക്കായി പലരും വരും, ആവശ്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവര്‍ പാര്‍ട്ടി വിടും. രണ്ട്, ആവേശംകൊണ്ട് പാര്‍ട്ടിയിലേക്ക് വരും, അവരുദ്ദേശിച്ച ആവേശം കാണാതാകുമ്പോള്‍ പാര്‍ട്ടി വിടും. മൂന്ന്, ആദര്‍ശംകൊണ്ട് പാര്‍ട്ടിയില്‍ ചേരും, അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടാലോ പാര്‍ട്ടിയുമായി പ്രശ്‌നങ്ങളുണ്ടായാലോ പാര്‍ട്ടിയില്‍ നിന്ന് പോകാനാകില്ല’-കൃഷ്ണകുമാർ പറഞ്ഞു.
‘ഈ അടുത്ത കാലത്ത് ഒരു പരിപാടിയില്‍ കസേര കിട്ടിയില്ല എന്ന് ഞാന്‍ പരാതിപ്പെട്ടതായി വാര്‍ത്തകളില്‍ കണ്ടു. ഞാന്‍ എവിടെയെങ്കിലും അങ്ങനെ പരാതി പറഞ്ഞതായി ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ. സോഷ്യല്‍ മീഡിയയില്‍ പലതും എഴുതി വരും. അതില്‍ 80 ശതമാനവും ഫേക്കാണ്. തന്തയില്ലാതെ ജനിക്കുന്ന വാര്‍ത്തകളാണ്. അങ്ങനെ വരുന്ന വാര്‍ത്തകള്‍ അന്ധമായി വിശ്വസിക്കാതിരിക്കുക. പാര്‍ട്ടി വിട്ട് പോകേണ്ട ഒരു സാഹചര്യവും എന്റെ മുന്നിലില്ല’ -കൃഷ്ണകുമാര്‍ പറഞ്ഞു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പങ്കെടുത്ത പരിപാടിയിൽ കൃഷ്ണകുമാറിന് വേദിയിൽ ഇരിപ്പിടം നൽകാത്തതും സംസ്ഥാന നേതാക്കൾ ക്ഷണിക്കാത്തതും വിവാദമായിരുന്നു. നഡ്ഡ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിശാൽ ജനസഭയിൽ പങ്കെടുക്കാൻ സംസ്ഥാന നേതാക്കൾ കൃഷ്ണകുമാറിനെ ക്ഷണിച്ചിരുന്നില്ല. കേരളത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ വിളിച്ചപ്പോഴാണ് പരിപാടിയെ കുറിച്ച് അറിയുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞിരുന്നു. ‘കഴിഞ്ഞ ദിവസം പ്രകാശ് ജാവ്ദേക്കർ വിളിച്ചിരുന്നു. എന്നോട് പരിപാടിക്ക് പോകുന്നില്ലേയെന്ന് ചോദിച്ചിരുന്നു. ഏത് പരിപാടിയെന്ന് ചോദിച്ചപ്പോൾ അദ്ദേഹമാണ് ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന പരിപാടിയെ കുറിച്ച് പറഞ്ഞത്. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് ഞാൻ അവിടെ പോയത്’ എന്നാണ് കൃഷ്ണകുമാർ അന്ന് പറഞ്ഞത്.
കവടിയാർ ഉദയ് പാലസിലായിരുന്നു ബി.ജെ.പി വിശാൽ ജനസഭ നടന്നത്. വേദിയിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് സദസിൽ ഇരുന്ന കൃഷ്ണകുമാർ പരിപാടി അവസാനിക്കും മുമ്പ് മടങ്ങുകയും ചെയ്തിരുന്നു.
‘നമ്മുടെ സമയം നമ്മെ അർഹതപ്പെട്ട സ്ഥലത്ത് എത്തിച്ചിരിക്കും. ഇന്ന് ഇവിടെ ഇരിക്കാനാണു യോഗം. ഞാൻ വളരെ സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു. വേദിയിൽ ഇടം കിട്ടാത്ത കാര്യം പലരും പറഞ്ഞപ്പോഴാണു ഞാൻ തന്നെ ഓർക്കുന്നത്. ഇടയ്ക്കു രണ്ടുപേർ വേദിയിൽനിന്ന് ഇറങ്ങിവന്ന് എന്നോടു വേദിയിൽ വന്ന് ഇരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഈ ഇരിപ്പിടത്തിൽ തൃപ്തനാണെന്നും അടുത്തിരിക്കുന്നവരുമായി കൂട്ടായെന്നും പറഞ്ഞ് ക്ഷണം നിരസിച്ചു’ – ഇതുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ പ്രതികരിച്ചു.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയും കൃഷ്ണകുമാർ വിമർശനമുയർത്തിയിരുന്നു. താൻ വിളിക്കുമ്പോൾ ഫോൺ എടുക്കാനോ തിരികെ വിളിക്കാനോ നേതാക്കൾ തയാറാകുന്നില്ലെന്നാണ് വിമർശനം. ‘സംസ്ഥാന അധ്യക്ഷനൊക്കെ തിരക്കുള്ള നേതാക്കളാണ്. അവർക്കൊക്കെ ദിവസവും നിരവധി ഫോൺകോളുകൾ വരുന്നതാണ്. ആരെയും വിളിച്ച് പരാതി പറഞ്ഞിട്ടില്ല. ആരും ഇതത്ര വലിയ പ്രശ്നമായി കണ്ടുകാണില്ല. എന്റെ ഫോൺ എപ്പോഴും ഫ്രീയാണ്. ആർക്ക് വേണമെങ്കിലും തന്നെ വിളിക്കാവുന്നതേയുള്ളൂ’ -നടൻ പറഞ്ഞു.
ബി.ജെ്പി നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് നടൻ ഭീമൻ രഘു, സംവിധായകൻ രാജസേനൻ, അലി അക്ബർ എന്നിവർ പാർട്ടി വിട്ടതിന് പിന്നാലെയാണ് കൃഷ്ണകുമാറിന്‍റെ അസംതൃപ്തിയും ചർച്ചാവിഷയമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.