നടൻ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട ‘ഗഫൂർക്കാ ദോസ്ത്’ ഇനി ഓർമയിൽ നിറയുന്ന ചിരി. കോഴിക്കോടൻ ചിരിമൊഴി മലയാള സിനിമക്ക് ആവോളം നൽകിയ പ്രിയനടൻ മാമുക്കോയ വിടപറഞ്ഞു. 77 വയസ്സായിരുന്നു. കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം.

മലപ്പുറം കാളികാവിൽ ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനച്ചടങ്ങിൽ വെച്ചാണ് തിങ്കളാഴ്ച ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മേയ്ത്ര ആശുപത്രിയിൽനിന്ന് മയ്യിത്ത് കോഴിക്കോട് ടൗൺഹാളിലെത്തിച്ച് പൊതുദർശനത്തിനുവെച്ചു.

ആയിരക്കണക്കിനു പേർ ടൗൺഹാളിലെത്തി അന്ത്യോപചാരമർപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9.30ന് അരക്കിണറിലെ മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും. രാവിലെ 10ന് കണ്ണമ്പറമ്പിലാണ് ഖബറടക്കം.

എഴുത്തും നാടകവും സംഗീതവും ഫുട്ബാളും നിറഞ്ഞുനിന്ന കോഴിക്കോട്ടെ പഴയകാല പ്രതിഭകളുടെ കൂട്ടുകെട്ടിന്റെ ഭാഗമായിരുന്നു മാമുക്കോയ. ‘പെരുമഴക്കാല’ത്തിലെ അഭിനയത്തിലൂടെ വെറുമൊരു ഹാസ്യനടനല്ലെന്ന് തെളിയിച്ചു. 450ലേറെ സിനിമകളിൽ അഭിനയിച്ചു. 2004ൽ ‘പെരുമഴക്കാല’ത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിന്റെ സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചു. 2008ൽ ‘ഇന്നത്തെ ചിന്താവിഷയം’ എന്ന ചിത്രത്തിൽ സംസ്ഥാന സർക്കാറിന്റെ ഹാസ്യനടനുള്ള ആദ്യ പുരസ്കാരം നേടി. ‘ഫ്ലമൻ ഇൻ പാരഡൈസ്’ എന്ന ഫ്രഞ്ച് സിനിമയിലും മാമുക്കോയക്ക് അവസരം ലഭിച്ചു.

1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’യാണ് ആദ്യ സിനിമ. ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’, ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്’, ‘സന്മനസ്സുള്ളവർക്ക് സമാധാനം’, ‘നാടോടിക്കാറ്റ്’, ‘ചെറിയലോകവും വലിയ മനുഷ്യരും’, ‘സന്ദേശം’, ‘ഹിസ് ഹൈനസ് അബ്ദുല്ല’ തുടങ്ങി പഴയകാലത്തെ ശ്രദ്ധേയമായ നിരവധി സിനിമകൾ മുതൽ പുതുതലമുറ സിനിമകളായ ‘ബ്യാരി’, ‘കെ.എൽ 10’, ‘കുഞ്ഞിരാമായണം’, ‘കുരുതി’ തുടങ്ങിയവയിൽ അഭിനയപാടവം തെളിയിച്ചു.

1946ൽ കോഴിക്കോട് പള്ളിക്കണ്ടിയിലെ ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചായിഷയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. പത്താം ക്ലാസ് വരെ പഠനം. വീട്ടിലെ പരാധീനതകൾ കാരണം കുട്ടിക്കാലത്തുതന്നെ കല്ലായിയിലെ മരക്കച്ചവടകേന്ദ്രത്തിൽ പണിക്കുപോയി. നാടകാഭിനയത്തോടുള്ള പ്രിയമാണ് സിനിമയിലെത്തിച്ചത്. ബേപ്പൂരിനടുത്ത അരക്കിണറിലായിരുന്നു താമസം. ഭാര്യ: സുഹറ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൽ റഷീദ്. മരുമക്കൾ: അബ്ദുൽ ഹബീബ് (ഖത്തർ), സക്കീർ ഹുസൈൻ (കെ.എസ്.ഇ.ബി), ജസി, ഫസ്ന.

Tags:    
News Summary - Actor Mamukoya passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.